അപകീർത്തി കേസ്: വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തു, മോദിയെ വിമർശിച്ചതിൽ വേട്ടയാടുന്നു;രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ

Published : Apr 13, 2023, 01:16 PM ISTUpdated : Apr 13, 2023, 03:42 PM IST
അപകീർത്തി കേസ്: വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തു, മോദിയെ വിമർശിച്ചതിൽ വേട്ടയാടുന്നു;രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ

Synopsis

''സൂറത്തിൽ വച്ചല്ല പ്രസംഗിച്ചത്. മാനനഷ്ടം ഉണ്ടായ വ്യക്തിയല്ല പരാതിക്കാരൻ. പരാതിക്കാരന്റെ പേരെടുത്ത് രാഹുൽ സംസാരിച്ചിട്ടില്ല. പൂർണേഷ് മോദിക്ക് പരാതി നൽകാൻ കഴിയില്ല. രാഹുലിന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്താണ് കേസ് നൽകിയത്. പരാതിക്കാരനെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല പ്രസംഗം. പരാതിക്കാരനുമായി രാഹുലിന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല...''

സൂറത്ത് : രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ. അപകീർത്തി കേസിൽ രാഹുൽ നൽകിയ അപ്പീൽ സൂറത്തിലെ സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗേരയുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷകനായ ആർഎസ് ചീമ രാഹുൽഗാന്ധിക്കായി കോടതിയിൽ ഹാജരായി. അപ്പീലിൽ തീർപ്പു കൽപ്പിക്കും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണം എന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സി ആർ പി സി 389 പ്രകാരം ആണിത്. സ്റ്റേ നൽകാതിരിക്കുന്നത് അപൂർവ സാഹചര്യങ്ങളിൽ മാത്രമെന്നും ആർ എസ് ചീമ കോടതിയിൽ വാദിച്ചു. കോടതിയിൽ വാദം തുടരുകയാണ്. 

രാഹുലിനായി ഹാജരായ അഭിഭാഷകൻ ഉന്നയിച്ച വാദങ്ങൾ

കേസിന്റെ മെറിറ്റ് പരിശോധിച്ചു കോടതി തീരുമാനമെടുക്കണം. കോടതിയുടെ തീരുമാനങ്ങൾ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ കൂടി പരിഗണിക്കണം. പത്തുവർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന ഗുരുതര കുറ്റകൃത്യങ്ങളല്ലെങ്കിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ നൽകുന്നത് വൈകിപ്പിക്കേണ്ടതില്ല എന്ന് സുപ്രീം കോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്. ഗുരുതര കുറ്റകൃത്യമല്ലാത്തതിനാൽ കടുംപിടുത്തം പാടില്ല. 

കുറ്റക്കാരൻ ആണെന്ന് വിധിക്ക് പിന്നാലെ രാഹുലിന് തന്റെ മണ്ഡലം നഷ്ടമായി. ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു. ഇത് പ്രത്യേക സാഹചര്യമായി പരിഗണിക്കണം. റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച എംപിയാണ് ഇപ്പോൾ അയോഗ്യാക്കപ്പെട്ടത്. ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത അത്രയും വലിയ നഷ്ടമാണിത്. ലോക്സഭയുടെ കാലാവധി പൂർത്തിയാക്കും വരെ തുടരാൻ അനുവദിക്കണം. കേസിൽ അപാകതകൾ ഉണ്ട്. 

കേസ് ആസ്പദമായ സംഭവം നടന്ന സ്ഥലം പരിഗണിക്കണം. സൂറത്തിൽ വച്ചല്ല പ്രസംഗിച്ചത്. മാനനഷ്ടം ഉണ്ടായ വ്യക്തിയല്ല പരാതിക്കാരൻ. പരാതിക്കാരന്റെ പേരെടുത്ത് രാഹുൽ സംസാരിച്ചിട്ടില്ല. പൂർണേഷ് മോദിക്ക് പരാതി നൽകാൻ കഴിയില്ല. രാഹുലിന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്താണ് കേസ് നൽകിയത്. പരാതിക്കാരനെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല പ്രസംഗം. പരാതിക്കാരനുമായി രാഹുലിന് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. 

കേസ് പരിഗണിച്ച കോടതി പ്രസംഗം മുഴുവനായി പരിശോധിച്ചില്ല. പ്രധാനമന്ത്രിയെ വിമർശിക്കുന്നതിന്റെ പേരിൽ കേസ് നൽകി വേട്ടയാടുകയാണ്. മജിസ്ട്രേറ്റ് കോടതിയിൽ നടന്ന വിചാരണ നീതിയുക്തമായിരുന്നില്ല. രണ്ടു വർഷത്തിനുശേഷമാണ് പൂർണേഷ് മോദി ഒരു സാക്ഷിയെ ഹാജരാക്കിയത്. ഇയാൾ കാര്യങ്ങളെ പർവതീകരിച്ച് പറഞ്ഞു. വാട്സ്ആപ്പ് വഴി കിട്ടിയ വീഡിയോ കണ്ടാണ് പരാതിക്കാരൻ കേസ് കൊടുത്തത്. വാട്സ്ആപ്പ് പരിശോധിക്കുമ്പോൾ നിൽക്കുന്ന സ്ഥലത്തല്ല കേസ് ഫയൽ ചെയ്യേണ്ടത്.

കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ഉണ്ടെന്ന് പറഞ്ഞു പരാതിക്കാരൻ തന്നെ മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ ഹൈക്കോടതിയിൽ പോയി സ്റ്റേ ചെയ്തു. പിന്നീട് മജിസ്ട്രേറ്റ് കോടതിയിലെ ജഡ്ജി മാറിയതോടെ ആവശ്യത്തിനു തെളിവുകൾ ഉണ്ടെന്നു പറഞ്ഞു സ്റ്റേ പിൻവലിപ്പിച്ചുവെന്നും  രാഹുലിന്റെ അഭിഭാഷകൻ ആർഎസ് ചീമ കോടതിയിൽ വാദിച്ചു.  

രാഹുലിന്റെ കേംബ്രിഡ്ജ് പ്രസംഗത്തെയും അഭിഭാഷകൻ കോടതിയിൽ പരാമർശിച്ചു. ഇംഗ്ലണ്ടിൽ പോയി പ്രസംഗിച്ച വാക്കുകളെ കുറിച്ചും ഇന്ന് ഇന്ത്യയിൽ കേസുകൾ എടുക്കുന്നു. നിയമം നടപ്പാക്കുമ്പോൾ വ്യക്തമായ പരിശോധന ആവശ്യമുണ്ട്. പഞ്ചാബികൾ എല്ലാം മോശക്കാരാണ് എന്നു പറഞ്ഞാൽ മാനനഷ്ട കേസെടുക്കാൻ കഴിയുമോ? നിയമത്തിൽ അതിന് കഴിയില്ലെന്നാണ് പറയുന്നത്. ഇത് രാഹുലിന്റെ കേസിലും ബാധകമാണ്. ഒരു വലിയ ജനസഞ്ചയത്തിനെതിരായ പരാമർശങ്ങൾ അപകീർത്തി കേസിന്റെ പരിധിയിൽ വരില്ല. 

മജിസ്ട്രേറ്റ് കോടതിക്കെതിരെ രാഹുലിന്റെ അഭിഭാഷകൻ ആർ എസ് ചീമ. കുറ്റക്കാരൻ ആണെന്ന് വിധിച്ച് അരമണിക്കൂറിനുള്ളിൽ പരമാവധി ശിക്ഷ തന്നെ വിചാരണ കോടതി നൽകി. എംപി ആയതുകൊണ്ട് സമൂഹത്തിന് സന്ദേശം നൽകാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കോടതി വിധിയിൽ പറഞ്ഞത്. സുപ്രീംകോടതി മുന്നറിയിപ്പ് തന്നിട്ടും, അഹങ്കാരം കൊണ്ട് അത് മനസ്സിലായില്ലെന്ന് വരെ കോടതി പറഞ്ഞു. ഇത് ഒരിക്കലും ശരിയല്ലെന്നും ചീമ കോടതിയിൽ വാദിച്ചു. 2019 നവംബറിലാണ് ചൗക്കീദാർ ചോർഹെ പരാമർശത്തിൽ സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞത്. അതിനും ഏഴുമാസം മുമ്പാണ് കോലാറിലെ പ്രസംഗം നടന്നത്. പിന്നെയെങ്ങനെ സുപ്രീംകോടതിയെ അനുസരിച്ചില്ല എന്നൊക്കെ വിചാരണ കോടതി പറയും എന്ന് അഭിഭാഷകൻ ചോദിച്ചു. 

മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂകയുളളു. 2019 ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി അപകീർത്തി കേസ് ഫയൽ ചെയ്തത്. കോലാറിലെ പ്രസംഗത്തിന് ഗുജറാത്തിലെ സൂറത്തിലാണ് കേസെടുത്തത്. എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് 'മോദി' എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമർശമാണ് വിവാദമായത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിൽ പ്രചാരണം നടത്തുമ്പോഴായിരുന്നു പരാമർശം. പിന്നാലെ രാഹുൽ അപമാനിച്ചത് ഒരു പേരിനെ മാത്രമല്ല, ഒരു സമുദായത്തെയാകെയാണ് എന്ന തരത്തിൽ ബിജെപി ​പ്രചാരണമാരംഭിച്ചു. തുടർന്ന് ശക്തമായ പ്രതിരോധവുമായി കോൺ​ഗ്രസും എത്തിയിരുന്നു.

Read More : സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ ചില വിഭാഗത്തിന് 200 മുതല്‍ 500 രൂപ വരെ കുറയും; കേന്ദ്രവിഹിതം ഇനി നേരിട്ട് മാത്രം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ