മോദി-രാഹുൽ നേർക്കുനേർ! കോലാറിലെ 'സത്യമേവജയതേ' തിയതി മാറ്റി; മോദി കർണാടകയിലെത്തുന്ന ദിവസം രാഹുലും എത്തും

By Web TeamFirst Published Apr 1, 2023, 8:06 PM IST
Highlights

2019 കോലാറിൽ രാഹുൽ ഗാന്ധി നടത്തിയ 'എല്ലാ കള്ളൻമാർക്കും പേര് മോദി' പരാമർശത്തെ തുടർന്നാണ് അദ്ദേഹത്തിനെ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷിച്ചതും പാർലമെന്‍റ് അംഗത്വത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ടതും

ബെംഗളുരു: കർണാടകയിലെ കോലാറിൽ കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന സത്യമേവജയതേ യാത്രയുടെ തിയതി മാറ്റിയതോടെ നരേന്ദ്ര മോദി - രാഹുൽ ഗാന്ധി നേർക്കുനേർ പോരാട്ടത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചേക്കും. ഏപ്രിൽ അഞ്ചാം തിയതി നിശ്ചയിച്ചിരുന്ന 'സത്യമേവജയതേ' ഏപ്രിൽ ഒമ്പതിലേക്കാണ് മാറ്റിയത്. കർണാടകയിൽ പ്രധാനമന്ത്രി നേരത്തെ തന്നെ എത്താൻ തീരുമാനിച്ചിരുന്ന ദിവസമാണ് എപ്രിൽ ഒമ്പത്. മോദി എത്തുന്ന ദിവസം രാഹുൽ സംസ്ഥാനത്ത് എത്തുന്നത് നേർക്കുനേർ പോരിന് കളമൊരുക്കും എന്ന് ഉറപ്പാണ്.

2019 കോലാറിൽ രാഹുൽ ഗാന്ധി നടത്തിയ 'എല്ലാ കള്ളൻമാർക്കും പേര് മോദി' പരാമർശത്തെ തുടർന്നാണ് അദ്ദേഹത്തിനെ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷിച്ചതും പാർലമെന്‍റ് അംഗത്വത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ടതും. ഇതിന് ശേഷം മോദിയും രാഹുലും നേർക്കുനേർ വരുന്നു എന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൂടി കൈവരും. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം ചോദ്യം ചെയ്തതിന് രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നു എന്നാണ് കോൺഗ്രസ് പക്ഷം. മറുവശത്ത് 'മോദി' സമുദായത്തെ മൊത്തം രാഹുൽ അധിക്ഷേപിച്ചു എന്നതാണ് ബി ജെ പിയുടെ വാദം. എന്തായാലും ഇരു നേതാക്കളും കർണാടകയിൽ ഒരു ദിവസം എത്തുകയാണെങ്കിൽ അത് രാജ്യം അതീവ ശ്രദ്ധയോടെയാകും വീക്ഷിക്കുക.

നല്ല നടപ്പിൽ ജയിൽ മോചനം, 10 മാസത്തിന് ശേഷം സിദ്ദു പുറത്തിറങ്ങി; രാഹുലിന് പ്രശംസ, 'രാജ്യത്ത് വിപ്ലവം വന്നു'

ഏപ്രിൽ 5 - ന് രാഹുൽ ഗാന്ധി സത്യമേവജയതേ യാത്രക്കായി കോലാറിലെത്തുമെന്നാണ് കർണാടക പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെയാണ് തിയതി മാറ്റിയതായി പി സി സി അറിയിപ്പ് വന്നത്. രാഹുൽ കോലാറിലെത്തുക ഏപ്രിൽ 9 ന് ആയിരിക്കുമെന്നാണ് പി സി സിയുടെ പുതിയ അറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ മൈസൂരുവിലെ പരിപാടിക്കായാണ് എത്തുന്നത്. 'പ്രോജക്റ്റ് ടൈഗർ' സുവർണ്ണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനാണ് മോദി കർണാടകയിൽ എത്തുക.

click me!