രാജ്യത്ത് വിപ്ലവം വന്നെന്നും, ആ വിപ്ലവത്തിന്‍റെ പേരാണ് രാഹുൽ ഗാന്ധിയെന്നുമായിരുന്നു സിദ്ദു പറഞ്ഞത്.

പാട്യാല: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി. കഴിഞ്ഞ മെയിലാണ് കൊലപാതക കേസിൽ സിദ്ദുവിനെ പട്യാല ജയിലിലടച്ചത്. ജയിലിലെ നല്ലനടപ്പിൽ ഒരു വർഷത്തെ ശിക്ഷാ കാലയളവിൽ ഇളവ് നൽകുകയായിരുന്നു. ജയിൽ മോചിതനായി പുറത്തുവന്ന സിദ്ദു, രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ചാണ് സംസാരിച്ചത്. രാജ്യത്ത് വിപ്ലവം വന്നെന്നും, ആ വിപ്ലവത്തിന്‍റെ പേരാണ് രാഹുൽ ഗാന്ധിയെന്നുമായിരുന്നു സിദ്ദു പറഞ്ഞത്.

'ചെയ്തത് ഏഴ് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം', ക്രിമിനല്‍ കേസെടുക്കണം; രാജക്കെതിരെ കെ സുധാകരന്‍

അതേസമയം റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസിലാണ് മുന്‍ക്രിക്കറ്റ് താരം കൂടിയായ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നത്. പട്യാലയില്‍ 1988 ഡിംസബര്‍ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നടുറോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാകുകയും ചെയ്തു. സംഘ‍ര്‍ഷത്തിൽ പരിക്കേറ്റ ഗുർനാം മരിച്ചു. ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചുവെന്നും ഇതാണ് മരണകാരണമെന്നായിരുന്നു കേസ്. എന്നാൽ തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിന് തെളിവില്ലെന്നാണ് സിദ്ദു വാദിച്ചത്. 1999ൽ പഞ്ചാബിലെ സെഷൻസ് കോടതി ഈ കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കൾ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിക്കുകയും ചെയ്തു. തുടർന്ന് കേസ് സുപ്രീം കോടതിയിൽ എത്തി. 2018 ൽ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി കേസ് സുപ്രീം കോടതി തീർപ്പാക്കി. എന്നാൽ ഈ വിധിക്കെതിരെ മരിച്ച ഗുർനാം സിങ്ങിന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിൽ 2022 മെയ് മാസത്തിലാണ് സിദ്ദുവിന് സുപ്രിം കോടതി ജയിൽ ശിക്ഷ വിധിച്ചത്.