'തന്‍റെ വീട്ടില്‍ ഏതു നേരത്തും വരാന്‍ സ്വതന്ത്ര്യമുണ്ടായിരുന്ന ആളായിരുന്നു'; രാഹുല്‍ ഗാന്ധി

By Web TeamFirst Published Mar 11, 2020, 9:45 PM IST
Highlights

ബിജെപിയിലേക്ക് പോകുന്നതിന് മുന്‍പ്  തന്നെ രാഹുലുമായി കൂടിക്കാഴ്ച നടത്താന്‍ ജ്യോതിരാദിത്യ സിന്ധ്യ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ രാഹുല്‍ ഇതിന് തയ്യാറായിരുന്നില്ലെന്ന് സിന്ധ്യയുടെ ബന്ധുവായ പ്രദ്യോത് മാണിക്യ നേരത്തേ ആരോപിച്ചിരുന്നു. 

ദില്ലി: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി മുന്‍ എഐസിസി പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി. വാര്‍ത്ത ഏജന്‍സി എഎന്‍ഐയോടാണ് രാഹുല്‍ പ്രതികരിച്ചത്. തന്‍റെ വീട്ടില്‍ ഏതു നേരത്തും വരാന്‍ സ്വതന്ത്ര്യമുണ്ടായിരുന്ന ആളായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ, കോളേജ് കാലം മുതല്‍ തനിക്കൊപ്പമുണ്ടായിരുന്നയാളാണ് അദ്ദേഹമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിയിലേക്ക് പോകുന്നതിന് മുന്‍പ്  തന്നെ രാഹുലുമായി കൂടിക്കാഴ്ച നടത്താന്‍ ജ്യോതിരാദിത്യ സിന്ധ്യ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ രാഹുല്‍ ഇതിന് തയ്യാറായിരുന്നില്ലെന്ന് സിന്ധ്യയുടെ ബന്ധുവായ പ്രദ്യോത് മാണിക്യ നേരത്തേ ആരോപിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ അനുവാദം തന്നില്ല, കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഞങ്ങളെ രാഹുല്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതെന്നും പ്രദ്യോത് ചോദിച്ചു. 

കാത്തിരുന്നെങ്കിലും കാണാന്‍ അനുവാദം ലഭിച്ചില്ലെന്ന് ജ്യോതിരാദിത്യ തന്നോട് പറഞ്ഞതായും പ്രദ്യോത് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രാഹുല്‍ ഈ രീതിയില്‍ പ്രതികരിച്ചത്. തന്റെ വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും വരാന്‍ സ്വാതന്ത്ര്യമുള്ള ആളായിരുന്നു സിന്ധ്യയെന്ന് രാഹുല്‍ പറഞ്ഞു.

The two most powerful warriors are patience and time.

- Leo Tolstoy pic.twitter.com/MiRq2IlrIg

— Rahul Gandhi (@RahulGandhi)

ദൂന്‍ സ്കൂളില്‍ രാഹുല്‍ ഗാന്ധിയുടെ സഹവിദ്യാര്‍ഥിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. രാഹുലിന്‍റെ ഏറ്റവും അടുത്ത സഹായി കൂടിയായ സിന്ധ്യ പ്രിയങ്ക ഗാന്ധിയുമായും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. സമയവും ക്ഷമയുമാണ് ഏറ്റവും ശക്തിയുള്ള  പോരാളികള്‍ എന്ന് കുറിച്ചുകൊണ്ടുള്ള കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമൊപ്പമുള്ള തന്‍റെ ചിത്രവും ട്വിറ്ററില്‍ രാഹുല്‍ റീട്വീറ്റ് ചെയ്തിരുന്നു.

click me!