Rahul Gandhi : 'നാം ഒരുമിച്ച് നിൽക്കും, എന്റെ ഇന്ത്യ'; ട്വിറ്ററിൽ ചിത്രം പങ്കുവെച്ച് രാഹുൽ ​ഗാന്ധി

Sumam Thomas   | Asianet News
Published : Feb 17, 2022, 11:00 PM IST
Rahul Gandhi : 'നാം ഒരുമിച്ച് നിൽക്കും, എന്റെ ഇന്ത്യ'; ട്വിറ്ററിൽ  ചിത്രം പങ്കുവെച്ച് രാഹുൽ ​ഗാന്ധി

Synopsis

കർണാടകത്തിലെ ഉഡുപ്പിയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വ്യത്യസ്ത മതത്തിലുൾപ്പെട്ട പെൺകുട്ടികൾ കൈ കോർത്ത് നടന്നു പോകുന്നതിന്റെ ചിത്രമാണിത്.

ദില്ലി: വ്യത്യസ്ത മതവിഭാ​ഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥിനികൾ കൈ കോർത്ത് പിടിച്ച് നടന്നു നീങ്ങുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഡെക്കാൺ ഹെറാൾഡ് ദിനപത്രത്തിലെ ചിത്രമാണിത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രശ്നത്തിലാക്കി രാജ്യം അവരുടെ ഭാവി കവർന്നെടുക്കുകയാണന്ന് ഹിജാബ് വിവാദത്തിൽ രാഹുൽ​ ​ഗാന്ധി പറഞ്ഞിരുന്നു. ഹിജാബ് വിഷയത്തിലെ പ്രതികരണമെന്നോണമാണ് രാഹുൽ ​ഗാന്ധി ട്വിറ്ററിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കർണാടകത്തിലെ ഉഡുപ്പിയിലെ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വ്യത്യസ്ത മതത്തിലുൾപ്പെട്ട പെൺകുട്ടികൾ കൈ കോർത്ത് നടന്നു പോകുന്നതിന്റെ ചിത്രമാണിത്. നാം ഒരുമിച്ച് നിൽക്കും എന്റെ ഇന്ത്യ എന്നാണ് ചിത്രത്തിന് രാഹുൽ ​ഗാന്ധി നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

ഹിജാബ് നിരോധനത്തിൽ ഭരണഘടനാപരമായ വിഷയങ്ങൾ ഉള്ളതിനാൽ വിശദമായി പരിശോധിക്കാമെന്ന്  വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കി. വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്. മതാചാര വസ്ത്രങ്ങള്‍ ധരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധം പിടിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. അന്തിമ വിധി വരുന്നത് ഹിജാബ് നിരോധനം തുടരണമെന്നും കോളേജുകള്‍ ഉടന്‍ തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ കര്‍ണാടകയില്‍ ഹിജാബ്  ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ ഇന്ന് രണ്ട് ഇടങ്ങളില്‍ പരീക്ഷ എഴുതിച്ചില്ല. കുടകില്‍ 30 വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസ് മോഡല്‍ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചു. ശിവമൊഗ്ഗയില്‍ 13 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചു. ഹിജാബ് മാറ്റാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്കരിച്ചത്.

അതേസമയം ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ പുനരാരംഭിച്ചിരുന്നു. വന്‍ പൊലീസ് വിന്യാസത്തിലാണ് സ്കൂളുകള്‍ തുറന്നത്. ഹിജാബും ബുര്‍ഖയും ധരിച്ചെത്തിയവരെ സ്കൂളുകളുടെ പ്രധാന കവാടത്തില്‍ വച്ച് അധ്യാപകര്‍ തടഞ്ഞു. ഹിജാബും ബുര്‍ഖയും അഴിച്ചുമാറ്റിയ ശേഷമാണ് ഇവരെ ക്ലാസുകളിലേക്ക് അനുവദിച്ചത്. ഹിജാബ് ധരിച്ചവരെ പ്രവേശിപ്പിക്കാത്തിന്‍റെ പേരില്‍ മാണ്ഡ്യയിലും ശിവമൊഗ്ഗയിലും രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കേസില്‍ അന്തിമ ഉത്തരവ് വരുന്നത് വരെ മതാചാരവസ്ത്രങ്ങള്‍ ധരിച്ചെത്തുന്നത് വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഹിജാബ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയിലെത്തിയത്. ഹിജാബ് വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സമഗ്ര അന്വേഷണം വേണമെന്നും നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സഭയില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കറുത്ത ബാഡ്ജ് ധരിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തിയത്.


 


 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന