
മംഗളൂരു: പ്രസംഗത്തിനിടെ പള്ളിയിൽ നിന്ന് വാങ്കുവിളി ഉയർന്നപ്പോൾ സംസാരിക്കുന്നത് നിർത്തിവെച്ച് രാഹുൽ ഗാന്ധി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മംഗലാപുരത്ത് സംസാരിച്ചപ്പോഴാണ് രാഹുൽ വാങ്കുവിളിക്കിടെ പ്രസംഗം നിർത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. വാങ്കുവിളി അവസാനിച്ച ശേഷമാണ് രാഹുൽ പ്രസംഗം പുനരാരംഭിച്ചത്. 2022ൽ ജമ്മു കശ്മീരിലെ ബരമുള്ളയിൽ കേന്ദ്രമന്ത്രി അമിത് ഷായും വാങ്കുവിളിക്കിടെ പ്രസംഗം നിർത്തിവെച്ചിരുന്നു. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസംഗത്തിനിടെ വാങ്കുവിളി ഉയർന്നപ്പോൾ നിർത്തിവെച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാക്കെതിരെ പരാതിയുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിനും വിദ്വേഷവും വളർത്തുന്നതിനും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നതിനുമെതിരെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കളായ രൺദീപ് സിങ് സുർജേവാല, ഡോ. പരമേശ്വര, ഡി.കെ.ശിവകുമാർ എന്നിവർ ബെംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്താകെ വർഗീയ കലാപമുണ്ടാകുമെന്ന പ്രസ്താവനയാണ് പരാതിക്കടിസ്ഥാനമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പരിപാടിയുടെ സംഘാടകർക്കും അമിത് ഷാക്കുമെതിരെ എത്രയും വേഗത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വിജയപുരയിൽ നടന്ന റാലിയിൽ സംസ്ഥാനത്ത് വ്യത്യസ്ത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും വിദ്വേഷം വളർത്താനും ബിജെപി ശ്രമിച്ചെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ബിജെപി നേതാക്കൾ ബോധപൂർവം തെറ്റായ പ്രസ്താവനകൾ നടത്തിയെന്നും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. കോൺഗ്രസിനും നേതൃത്വത്തിനും എതിരെ തെറ്റായ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്തുകയും ഗുരുതരമായ കുറ്റങ്ങൾ ചെയ്തതായും കോൺഗ്രസ് ആരോപിച്ചു.
കർണാടകയിലെ സാമുദായിക സൗഹാർദം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിനും അതിന്റെ മുതിർന്ന നേതാക്കൾക്കുമെതിരെ വ്യാജവും വർഗീയവുമായ നിരവധി ആരോപണങ്ങൾ അമിത് ഷാ ഉന്നയിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും