
ദില്ലി: മഥുര ജയിലാശുപത്രിയിൽ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി രംഗത്ത്. കൊവിഡ് ബാധിതനായി അവശനിലയിൽ കഴിയുന്ന കാപ്പന് എല്ലാ വിധ ചികിത്സാ സഹായവും ചെയ്യണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തനത്തെയല്ല, കുറ്റകൃത്യമാണ് തടയപ്പെടേണ്ടതെന്നും രാഹുൽ കുറിച്ചു. ഹാഥ്റസ് കേസ് റിപ്പോർട്ട് ചെയ്യാൻ പോയ കാപ്പനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിലൂടെ ആര്‍എസ്എസ്സും ബിജെപിയും അവരുടെ ഭീരുത്വമാണ് തെളിയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സിദ്ദീഖ് കാപ്പനും കുടുംബത്തിനും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം സിദ്ദിഖ് കാപ്പനെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഉത്തർപ്രദേശിലെ ആശുപത്രിയിലുള്ള കാപ്പൻറെ ആരോഗ്യനില മോശമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബവും പത്രപ്രവർത്തക യൂണിയനും കോടതിയെ സമീപിച്ചത്. രണ്ട് ദിവസം മുമ്പാണ് സിദ്ദിഖിന് കൊവിഡ് സ്ഥിരീകരിച്ച വിവരം അഭിഭാഷകൻ കുടുംബത്തെ വിളിച്ചറിയിച്ചത്.
ജയിലില്‍ കഴിയുന്ന അന്‍പതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് കാപ്പനും രോഗം സ്ഥിരീകരിച്ചത്. കാപ്പന്‍റെ ആരോഗ്യനിലയില്‍ ആശങ്കയറിയിച്ച് കെയുഡബ്ല്യൂജെ ദില്ലി ഘടകം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കടുത്ത പ്രമേഹമടക്കം ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന കാപ്പനെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റണമെന്നും കത്തിലാവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam