
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ടത്തിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കേ അഭ്യൂഹങ്ങൾക്ക് വിരാമിട്ട് രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ കേരളത്തിലെ വയനാട്ടിൽ സിറ്റിംഗ് എംപിയായ രാഹുൽ ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ ഏപ്രില്‍ 26-ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിന് വയനാട് അല്ലാതെ മറ്റൊരു സീറ്റ് നോക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. ഏപ്രിൽ 20ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി രാഹുൽ ഗാന്ധിയുടെ രണ്ടാം സ്ഥാനാർത്ഥിത്വം പ്രവചിച്ചത്.
കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് അദ്ദേഹം കാത്തിരിക്കുന്നത്. മറ്റൊരു സീറ്റിൽ അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കുമെന്നും പ്രഖ്യാപനം ഏപ്രിൽ ഇരുപത്തിയാറിന് ശേഷം വരുമെന്നും, കോൺഗ്രസ് നേരത്തെ തന്നെ പരാജയം സമ്മതിച്ച് കഴിഞ്ഞെന്നുമായിരുന്നു പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രവചനം അച്ചട്ടായി ഇന്ന് കോൺഗ്രസിന്‍റെ പ്രഖ്യാപനം വന്നു.
വീഡിയോ കാണാം
രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകുമെന്നും വ്യക്തമാക്കി. പ്രിയങ്ക മത്സരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സോണിയ ഗാന്ധിയുടെ സീറ്റിൽ സ്വാഭാവിക തീരുമാനം എന്ന് നേതൃത്വം വ്യക്തമാക്കി.
Read More : റായ്‍ബറേലിയില്‍ രാഹുല്‍ഗാന്ധി; സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് കോൺഗ്രസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam