
ദില്ലി: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും. ഗാന്ധി കുടുംബം വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി കണക്കിലെടുത്താണ് തീരുമാനം. റായ്ബറേലിയില്‍ മത്സരിക്കണമെന്ന പാര്‍ട്ടി ആവശ്യത്തോട് പ്രിയങ്ക ഗാന്ധി ഇനിയും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച ഭാരത് ജോഡോ യാത്രയുമായാണ് 2019ലെ തോല്‍വിക്ക് ശേഷം രാഹുല്‍ ഗാന്ധി അമേഠിയിലേക്കെത്തിയത്. തൊഴിലില്ലായ്മയും, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും എണ്ണിപ്പറഞ്ഞ് 5 വര്‍ഷങ്ങള്‍ക്കിപ്പുറം വോട്ടര്‍മാരോട് സംസാരിച്ചു. രാഹുൽ ഗാന്ധിയുടെ അമേഠി പര്യടനത്തിൽ ഉടനീളം യുവാക്കളുടെ വലിയ പിന്തുണയും കണ്ടു. തോല്‍വിയില്‍ ഭയന്ന രാഹുലിന് തിരിച്ചുവരാന്‍ ധൈര്യമുണ്ടോയെന്ന ബിജെപിയുടെ വെല്ലുവിളിക്കിടെയാണ് അമേഠിയിലേക്ക് നീങ്ങാനുള്ള തീരുമാനം. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇക്കുറിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന് കരുതുന്നു.
സിറ്റിംഗ് എംപി സ്മൃതി ഇറാനിക്ക് മണ്ഡലം നിലനിര്‍ത്തുക എളുപ്പമാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാചക വാതക വിലക്കയറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സാധാരണക്കാര്‍ക്കിടയിൽ രോഷമുണ്ട്. സാഹചര്യം മനസിലാക്കി ഭാരത് ജോഡോ യാത്രയിലൂടെ അമേഠിയിലേക്ക് രാഹുല്‍ ഒരു റീ എന്‍ട്രി നടത്തുകയായിരുന്നു. രാഹുലിന്‍റെ സാധ്യത തള്ളാതെ, കോണ്‍ഗ്രസിന് ഏറെ പ്രധാനപ്പെട്ട മണ്ഡലമാണ് അമേഠിയെന്ന്, രാജീവ് ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയുമൊക്കെ മത്സര ചരിത്രം ഓര്‍മ്മപ്പെടുത്തി ജയറാം രമേശ് പ്രതികരിച്ചു.
അതേസമയം സോണിയ ഗാന്ധി രാജ്യസഭാംഗം ആയതോടെ റായ്ബറേലിക്ക് പ്രിയങ്ക ഗാന്ധി എത്തണമെന്ന ആവശ്യം ശക്തമാണ്. പ്രചാരണത്തിന് ഒരുക്കങ്ങള്‍ തുടങ്ങട്ടെയെന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രിയങ്ക ഗാന്ധി ഇനിയും മറുപടി നല്‍കിയിട്ടില്ല. ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണെന്ന് വിശദീകരിക്കുമ്പോഴും ഭാരത് ജോഡോ യാത്രയുടെ റായ്ബറേലി പര്യടനത്തിലെ പ്രിയങ്കയുടെ അസാന്നിധ്യവും ചര്‍ച്ചയായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam