
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 29, 30 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂര്‍ കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഈ വിഷയം പ്രാധാന്യത്തോടെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് കലാപ ബാധിത മേഖല സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മണിപ്പൂരിൽ കലാപത്തിന് തീവ്രവാദ സംഘങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്നതിൽ ആശങ്ക കൂടുന്ന സാഹചര്യമാണ്. മ്യാൻമറിലും ബംഗ്ലാദേശിലും പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾ മെയ്തി, കുക്കി വിഭാഗങ്ങൾക്ക് ഒപ്പം ചേർന്നോ എന്നാണ് ആശങ്ക. കലാപം രൂക്ഷമായ ബിഷ്ണുപൂർ, സുഗ്നു മേഖലകളിൽ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കലാപത്തിനിടെ പിടിയിലായവരിൽ ചിലർ കെ.വൈ.കെ.എൽ, യു.എൻ.എൽ.എഫ് സംഘാഗങ്ങൾ ആണെന്നാണ് വിവരം.
ഇന്നലെ പ്രധാനമന്ത്രിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ പ്രധാന വിഷയം മണിപ്പൂരില്‍ കലാപമായിരുന്നു. മണിപ്പൂരിൽ കലാപം തുടരുന്നതിനെ കുറിച്ചാണ് വിദേശ പര്യടനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചത്. അരമണിക്കൂറിലെറെ കൂടിക്കാഴ്ച നീണ്ടു.
സംസ്ഥാനത്ത് പരസ്പരം പോരടിക്കുന്ന മെയ്തി, കുക്കി വിഭാഗങ്ങളുമായി സമാധാന ചര്‍ച്ച തുടരാനാണ് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന് അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം. പ്രതിഷേധിക്കുന്ന വനിതാ സംഘടന മെയ്‌ര പെയ്ബിസിനെ ചര്‍ച്ചക്ക് വിളിക്കാനും അമിത്ഷാ നിര്‍ദ്ദേശിച്ചിരുന്നു. വേണ്ടി വന്നാല്‍ അമിത്ഷാ സംഘടന പ്രതിനിധികളെ പ്രത്യേകം കാണാനും ആലോചിക്കുന്നുണ്ട്. കൂടുതല്‍ സേനകളെ തല്‍ക്കാലം അയക്കേണ്ടെന്നും, നിലവിലെ സേനാവിന്യാസം തൃപ്തികരമാണെന്നുമാണ് വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam