
ദില്ലി: ദേശീയ ധനസമാഹാരണ പദ്ധതിക്കെതിരെ രംഗത്ത് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ധനസമ്പാദനം എന്താണെന്ന് രാഹുലിന് അറിയാമോയെന്ന് നിര്‍മലാ സീതാരാമന് ചോദിച്ചു. കോൺഗ്രസാണ് രാജ്യത്തെ വിഭവങ്ങൾ വിറ്റതും, അതിന്റെ തിരിച്ചടി അനുഭവിച്ചതുമെന്നും കേന്ദ്രധനമന്ത്രി കുറ്റപ്പെടുത്തിയെന്ന് പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.
അതേ സമയം കേന്ദ്രത്തിന്റെ ദേശീയ ധനസമാഹാരണ പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസമാണ് രാഹുൽ രംഗത്ത് എത്തിയത്. എഴുപത് വര്‍ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് മോദി സർക്കാർ വിറ്റുതുലക്കാൻ ശ്രമിക്കുകയാണെന്നാണ് രാഹുൽ കഴിഞ്ഞ ദിവസം വിമർശിച്ചത്. ഇന്ത്യയുടെ കിരീടത്തിലെ രത്നങ്ങളെയാണ് മോദി സര്‍ക്കാര്‍ വിറ്റ് നശിപ്പിക്കുന്നത്. പാവപ്പെട്ടവർക്ക് പ്രയോജനപ്പെടേണ്ട എല്ലാ ആസ്തിയും ചില വ്യവസായ സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണ്. ഇത് വലിയ ദുരന്തമാണ്.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും രാഹുൽ പറഞ്ഞു.എഴുപത് വര്‍ഷം രാജ്യത്ത് ഒന്നും നടന്നില്ല എന്നാണ് ബിജെപിയും മോദിയും പറഞ്ഞത്. എന്നാല്‍ 70 വര്‍ഷത്തെ സമ്പത്താണ് ഇപ്പോള്‍ വില്‍ക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
ദേശീയ ധനസമാഹാരണ പദ്ധതി പ്രകാരം 25 വിമാനതാവളങ്ങൾ, 40 റെയിൽവേ സ്റ്റേഷനുകൾ എന്നിവ അടക്കം പലതിലും സ്വകാര്യവത്കരണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിലൂടെ 6 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. അതേ സമയം വിവിധ പ്രതിപക്ഷ കക്ഷികൾ ഇതിനെതിരെ ബുധനാഴ്ച രംഗത്ത് എത്തിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam