
ദില്ലി: ഗോൽഗപ്പ കഴിയ്ക്കാൻ ദില്ലിയിലെ ബംഗാളി മാർക്കറ്റിലെത്തി രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ തിരക്കുകൾ മാറ്റിവെച്ച് രാഹുൽ ദില്ലിയിലെ മാർക്കറ്റിൽ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും രാഹുലിന്റെ കൂടെ ഉണ്ടായിരുന്നു. ജീൻസും നീല ടീ ഷർട്ടും ധരിച്ചെത്തിയ രാഹുൽ മാർക്കറ്റിൽ ഏറെ നേരം ചെലവഴിച്ചു. ചുറ്റും കൂടിയ ആളുകളുമായി വിശേഷം പങ്കിട്ടു. ശേഷം അദ്ദേഹം ഓൾഡ് ദില്ലിയിലും പോയി. അവിടെ നിന്ന് തണ്ണീർ മത്തനാണ് രാഹുൽ കഴിച്ചത്. അവിടെയും ആളുകളുമായി സംസാരിച്ചു. ഓൾഡ് ദില്ലിയിൽ രാഹുലിനെ കാണാൻ നിരവധി പേരാണ് തടിച്ചു കൂടിയത്.
കർണാടകയിലെ കോലാറിലെ പ്രസംഗത്തിന്റെ പേരിൽ കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. അയോഗ്യനാക്കിയതിന് പിന്നാലെ രാഹുൽ തന്റെ മണ്ഡലമായിരുന്ന വയനാട് സന്ദർശിച്ചിരുന്നു.
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു രാഹുലിന്റെ പ്രസംഗം. പ്രധാനമന്ത്രി അദാനിക്ക് പണം നൽകുന്നു, എന്നാൽ കോൺഗ്രസ് ദരിദ്രർക്കും യുവാക്കൾക്കും മഹിളകൾക്കും നൽകുന്നുവെന്ന് രാഹുൽ പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുൽ ഗാന്ധി. അയോഗ്യനാക്കിയതിന് ശേഷം കോലാറിലെത്തിയ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പാവപ്പെട്ടവർക്കായി എന്തു ചെയ്യും എന്ന ചോദ്യം കുറച്ച് ദിവസമായി കേൾക്കുന്നുണ്ട്. ഹിമാചൽ അടക്കം നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നു. എന്തെല്ലാം ചെയ്യണം എന്ന് നേതാക്കൾ തന്നോട് ചോദിച്ചു. നടപ്പിലാക്കാവുന്ന വാഗ്ദാനങ്ങൾ നൽകൂ, അത് ആദ്യ മന്ത്രി സഭാ യോഗത്തിൽ തന്നെ നടപ്പാക്കൂ എന്നാണ് താൻ പറഞ്ഞത്. ഇത് തന്നെയാണ് തനിക്ക് കർണാടക നേതാക്കളോടും പറയാനുള്ളത്.
4 വാഗ്ദാനങ്ങൾ ഞങ്ങൾ നിങ്ങൾക്ക് തന്നു. ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവനിധി ഇവയെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പാക്കും. മോദി ആയിരക്കണക്കിന് കോടി അദാനിക്ക് കൊടുക്കുമ്പോൾ ഞങ്ങൾ പാവപ്പെട്ടവർക്ക് ആ പണം നൽകുന്നു. ബിജെപി സർക്കാർ എന്ത് ചെയ്തു? 40% കമ്മീഷൻ വിഴുങ്ങിയെന്നും രാഹുൽ ആരോപിച്ചു.
Read More... തെരഞ്ഞെടുപ്പ് ചൂടിൽ കർണ്ണാടക; ജനവിധി തേടി മലയാളി മുഖങ്ങൾ വീണ്ടും, ജയമുറപ്പിച്ച് സ്ഥാനാർത്ഥികൾ