നരവനെയുടെ 'പുസ്തകം' കയ്യിലെടുത്ത് രാഹുലിന്‍റെ കടന്നാക്രമണം, ചാടി എഴുന്നേറ്റ് രാജ്നാഥും ഷായും, മോദി സാക്ഷി; സഭയിൽ കണ്ടത് മണിക്കൂർ നീണ്ട പോര്

Published : Feb 02, 2026, 03:06 PM IST
rahul modi

Synopsis

ജനറൽ നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ പരാമർശങ്ങൾ രാഹുൽ ഗാന്ധി ലോക്‌സഭയിൽ സംസാരിച്ചതിൽ വാക്പോര്. ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ച ഭാഗം വായിച്ചതോടെ രാജ്നാഥ് സിംഗും അമിത് ഷായും രംഗത്തെത്തി. മണിക്കൂറിലേറെ നീണ്ട ബഹളത്തിനൊടുവിൽ സഭ നിർത്തിവെച്ചു

ദില്ലി: നന്ദി പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ ഇന്ന് ലോക്‌സഭയിൽ നടന്നത് നടകീട രംഗങ്ങൾ നിറഞ്ഞുനിന്ന വാക് പോര്. ബി ജെ പി എം പി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെയാണ് മറുപടിയുമായി രാഹുൽ ഗാന്ധി എഴുന്നേറ്റത്. മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് വിവരിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം. രാഹുൽ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ ചാടി എഴുന്നേറ്റ് രാജ്നാഥ് സിംഗും അമിത് ഷായും വിമർശനവും തുടങ്ങി. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇരുവരും രംഗത്തെത്തിയത്. എന്നാൽ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണെന്ന് പറഞ്ഞായിരുന്നു രാഹുലിന്‍റെ തിരിച്ചടി. പലതവണ രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫാക്കിയും റൂളിംഗ് നടത്തിയും ഇതിനിടെ സ്പീക്കറും കളം നിറഞ്ഞു. ഒടുവിൽ ഒരു മണിക്കൂറിലേറെ നീണ്ട പോര്, സ്പീക്കർ സഭ തത്കാലത്തേക്ക് നിർത്തിവച്ചതോടെയാണ് അവസാനിച്ചത്. ഈ സംഭവത്തിനെല്ലാം സാക്ഷിയായി പ്രധാനമന്ത്രി മോദിയും സഭയിൽ ഉണ്ടായിരുന്നു.

സഭയിൽ കണ്ടത് മണിക്കൂർ നീണ്ട പോര്

കോൺഗ്രസിന്‍റെ രാജ്യ സ്നേഹത്തെ കുറിച്ചാണ് തേജസ്വി സൂര്യ ആരോപണം ഉന്നയിച്ചതെന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ രാഹുൽ ഗാന്ധി, മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഭാഗങ്ങൾ വായിച്ചു തുടങ്ങിയതോടെയാണ് രാജ്നാഥും അമിത് ഷായും തടസമുന്നയിച്ച് എഴുന്നേറ്റത്. ഇതിനിടെ സഭയിലെ വിഷയവുമായി ബന്ധമില്ലാത്തതും വസ്തുതാപരമായി തെളിക്കപ്പെടാത്തതുമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ അനുവദിക്കില്ലെന്ന് സ്പീക്കർ ബിർളയും റൂളിംഗ് നൽകി. ഇതോടെ നന്ദി പ്രമേയ ചർച്ചയ്ക്കിടെ വാക്പോര് രൂക്ഷമായി. ഇതിനിടെ പ്രധാനമന്ത്രി സഭയിലെത്തിയതോടെ വാക്പോര് കനത്തു. രാഹുൽ ഗാന്ധി സംസാരിക്കാൻ ശ്രമുക്കുന്ന സമയത്തെല്ലാം രാജ്നാഥും ഷും ഇടപെട്ടതോടെ സഭയിൽ പ്രതിപക്ഷ പ്രതിഷേധവും ശക്തമായി. മുൻ കരസേന മേധാവി നരവനേയുടെ പുസ്തകത്തിലെ കാര്യങ്ങളാണ് രാഹുൽ പറയുന്നതെന്നും ഈ പുസ്തകം പ്രകാശിതമായിട്ടില്ലെന്നുമാണ് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടിയത്. വസ്തുതാപരമായ വിഷയങ്ങളാണ് സംസാരിക്കാൻ പോകുന്നതെന്ന് രാഹുൽ തിരിച്ചടിച്ചു. പുസ്തകമല്ല, പുസ്തകത്തെക്കുറിച്ച് കാരവൻ മാഗസിനിൽ വന്നതാണ് വായിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി. പ്രകാശിതമല്ലാത്ത പുസ്തകത്തിലെ കാര്യങ്ങൾ പറയുന്നത് ശരിയല്ലെന്നായി പ്രതിരോധമന്ത്രിയുടെ വാദം. എങ്കിലും രാഹുൽ പ്രസംഗം തുടർന്നു. ചൈനയുടെ കൈലാഷ് മേഖലയിലെ കടന്നുകയറ്റം സംബന്ധിച്ചായിരുന്നു രാഹുൽ വായിച്ചു തുടങ്ങിയത്. ഇതോടെ ശക്തമായ എതിർപ്പുയർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുംഎഴുന്നേറ്റു. മാഗസിനിൽ പലതും വരും, സത്യമാണോ അല്ലയോ എന്ന് വ്യക്തമല്ലെന്നായിരുന്നു ഷായുടെ വാദം. വസ്തുതാപരമെന്ന് ആവർത്തിച്ചുകൊണ്ട് രാഹുൽ പ്രസംഗം തുട‍ർന്നു. പുസ്തകത്തിന് സർക്കാർ അനുമതി നൽകിയില്ലെന്ന് നരവനേ പറയുന്നുണ്ടെന്നടക്കം രാഹുൽ ചൂണ്ടിക്കാട്ടി. ഇതോടെ പുസ്തകം പ്രകാശിതമല്ലെന്ന് രാഹുൽ സമ്മതിച്ചെന്നായി ഷായുടെ വാദം. പിന്നെങ്ങനെ സഭയിൽ വായിക്കാനാകുമെന്നും ഷാ ചോദിച്ചു. ഇതിനിടെ രാഹുൽ വീണ്ടും പ്രസംഗം തുടർന്നതോടെ സ്പീക്കർ ഇടപെട്ടു. രാഹുലിന്‍റെ മൈക്ക് ഓഫാക്കിയതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. രാഹുൽ അനാവിശ്യമായി ഇടപെട്ട് പ്രശ്നമുണ്ടാക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി വീണ്ടും എഴുന്നേറ്റു. കോൺഗ്രസിനെതിരെ തേജസ്വി സൂര്യയുടെ ആരോപണത്തിന് ആണ് മറുപടി പറയുന്നതെന്നായി രാഹുൽ. ഞാനിത് വായിക്കാന് ഉദ്ദേശിച്ചിരുന്നില്ലെന്നും പക്ഷേ രാജ്യ സ്നേഹത്തെക്കുറിച്ച് പറയുന്നവർക്കുള്ള മറുപടിയാണ് പുസ്തകത്തിലുളളതെന്നും രാഹുൽ വിവരിച്ചു. ഇതിനിടെ നിഷികാന്ത് ദുബേ എം പി പോയിന്‍റ് ഓഫ് ഓഡർ ഉന്നയിച്ചു. സാത്താനിക് വേഴ്സസ് നിരോധിച്ചപ്പോൾ സഭയിൽ അദ്വാനി ആവശ്യപ്പെടിട്ടും ചർച്ച അനുവദിച്ചില്ലെന്ന് ദുബേ ചൂണ്ടിക്കാട്ടി. എങ്കിലും രാഹുൽ വഴങ്ങിയില്ല. മാഗസീനിലെ വിവരങ്ങൾ വീണ്ടും വായിക്കാനൊരുങ്ങിയതോടെ സ്പീക്കർ മൈക്ക് വീണ്ടും ഓഫാക്കി. രാഹുൽ നിയമം അനുസരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. സഭയിലെ വിഷയുമായി ബന്ധമില്ലാത്ത പുസ്തകത്തെ കുറിച്ച് വായിക്കാനാകില്ലെന്ന് തറപ്പിച്ചുപറഞ്ഞുകൊണ്ട് സ്പീക്കറുടെ റൂളിങും വന്നു. എന്നാൽ വീണ്ടും നരവനേയുടെ പുസ്തകത്തെ പറ്റി രാഹുൽ പറയാനൊരുങ്ങിയതോടെ വീണ്ടും എതിർത്ത് രാജ്നാഥ് സിംഗും എഴുന്നേറ്റു. പുസ്തകം ഇതുവരെ പ്രകാശിതമല്ലെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. പുസ്തകം വന്നെങ്കിൽ കാണട്ടേയെന്നും സിംഗ് വെല്ലുവിളിച്ചു. ഇതിനിടെ കെ സി വേണുഗോപാലും രംഗത്തെത്തി. ഇതാണ് നയമെങ്കിൽ നാളെ പ്രധാനമന്ത്രിയും സംസാരിക്കില്ലെന്ന് കെ സി വേണുഗോപാൽ മുന്നറിയിപ്പ് നൽകി. പുസ്തകമല്ല മാഗസിനാണ് കോട്ട് ചെയ്യുന്നതെന്ന് വ്യക്തമാക്കി രാഹുൽ വീണ്ടും സംസാരിക്കാൻ തുടങ്ങി. ചൈനയെന്ന് നേരിട്ട് പറയാതെയായിരുന്നു രാഹുൽ പ്രസംഗം തുടങ്ങിയത്. പക്ഷേ വീണ്ടും മൈക്ക് ഓഫാക്കിയതോടെ, ഞാൻ എന്ത് പറയണമെന്ന് സ്പീക്കറാണോ തീരുമാനിക്കുകയെന്ന ചോദ്യം രാഹുൽ ഉയർത്തി. ചട്ട പ്രകാരം സഭ പോകണമെന്നായിരുന്നു സ്പീക്കറുടെ മറുപടി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൽ ഊന്നിവേണം സംസാരിക്കേണ്ടതെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ഇന്ത്യ - ചൈന വിഷയം ഇല്ലായിരുന്നെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് ചൈനയെ കുറിച്ചും പാക്കിസ്ഥാനെ കുറിച്ചും പറയാനാകില്ലേയെന്ന ചോദ്യവുമായി രാഹുൽ തിരിച്ചടിച്ചു. എന്നാൽ നിയമപ്രകാരമേ സഭ ചലിക്കൂ എന്ന് മാത്രം ആവർത്തിച്ചായിരുന്നു സ്പീക്കറുടെ മറുപടി. പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും വ്യക്തിത്വത്തെ കുറിച്ച് ലേഖനത്തിൽ വ്യക്തമാണെന്ന് രാഹുലും തിരിച്ചടിച്ചു. ഈ വിഷയത്തിൽ റൂളിങ് നേരത്തെ നൽകിയതാണെന്ന് ആവർത്തിച്ച സ്പീക്കർ, രാഹുലിന്‍റെ മൈക്ക് വീണ്ടും ഓഫാക്കി. രാഹുൽ നിയമം അനുസരിച്ചില്ലെങ്കിൽ അഖിലേഷ് യാദവിന് അവസരം നൽകുമെന്നും സ്പീക്കർ വ്യക്തമാക്കി. രാഹുൽ വീണ്ടും പുസ്തകത്തിലെ വിവരങ്ങൾ വായിച്ചതോടെ ഭരണപക്ഷം പ്രതിഷേധം ഉയർത്തി. ഇതിനിടെ അടുത്ത പ്രസംഗത്തിനായി സ്പീക്കർ, അഖിലേഷ് യാദവിനെ വിളിച്ചു. പ്രതിപക്ഷ നേതാവിന് പ്രസംഗിക്കാൻ സ്പീക്കർ അനുമതി നൽകിയില്ലെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് അംഗങ്ങൾ വൻ പ്രതിഷേധത്തിലേക്ക് കടന്നു. ഞങ്ങളെ രാജ്യ വിരുദ്ധരെന്ന് മുദ്ര കുത്താൻ ഇവർ ശ്രമിക്കുകയാണ് രാഹുലും വിളിച്ചുപറഞ്ഞു. ഇതോടെ അമിത് ഷാ നാലാം തവണയും എണീറ്റു. ക്വോട്ട് ചെയ്തതല്ലെങ്കിൽ രാഹുൽ പ്രസംഗിച്ച ഈ വിവരങ്ങൾ ആര് നൽകിയെന്ന് അമിത് ഷാ ചോദിച്ചു. ഇത് സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഷാ പറഞ്ഞു. ഇതോടെ വീണ്ടും പ്രതിപക്ഷ ബഹളം ശക്തമായി. ഒടുവിൽ ഒരു മണിക്കൂറിലേറെ നീണ്ട സഭയിലെ നാടകീയ രംഗങ്ങൾക്ക് അവസാനമിട്ടുകൊണ്ട് സ്പൂക്കർ തത്കാലത്തേക്ക് സഭ പിരിയുന്നതായി പ്രഖ്യാപിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സർക്കാർ ജീവനക്കാരായ 68000 പേരുടെ ജനുവരി മാസത്തെ ശമ്പളം തടഞ്ഞുവെച്ചു; ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഉത്തർപ്രദേശ് സർക്കാർ
ശ്രീധരന് കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും, കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരുമെന്നും റെയിൽവേ മന്ത്രി; പക്ഷേ എപ്പോൾ എന്നതിൽ മറുപടിയില്ല!