ഭാരത് ജോഡോ യാത്ര കന്യാകുമാരിയിൽ തുടങ്ങി; ഇഡിയേയും സിബിഐയേയും വച്ച് പ്രതിപക്ഷത്തെ വിരട്ടാൻ ശ്രമമെന്ന് രാഹുൽ

By Web TeamFirst Published Sep 7, 2022, 7:56 PM IST
Highlights

ഇന്ത്യയുടെ ഐക്യം തകർക്കാൻ കഴിയില്ല. മാധ്യമങ്ങൾ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ടിവിയിൽ മോഡിയുടെ ചിത്രം മാത്രം കാണുന്ന അവസ്ഥയാണ്. 

കന്യാകുമാരി:  കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയിൽ തുടക്കം. എംകെ സ്റ്റാലിൻ രാഹുലിന് പതാക കൈമാറി. ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റത്തിൻ്റെ തുടക്കമാണ് ഭാരത് ജോഡോ യാത്രയെന്ന് സോണിയ ഗാന്ധി പറഞ്ഞു.

വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് രാഹുല്‍ഗാന്ധി. എന്നാല്‍ നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ല. സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും. ഒരുമിച്ച് വെല്ലുവിളികളെ അതിജീവിക്കാന്‍ ആകുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു . ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി ശ്രീപെരുന്പത്തൂരിലെ രാജീവ് ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം

കന്യാകുമാരിയിൽ രാഹുൽ നടത്തിയ പ്രസംഗത്തിൽ നിന്ന് - 

ഇഡിയേയും സിബിഐയേയും ഉപയോഗിച്ച് പ്രതിപക്ഷത്തെ വിരട്ടാനാണ് ഭരിക്കുന്നവരുടെ ശ്രമം. അവർക്ക് ഇന്ത്യക്കാരെ മനസിലായിട്ടില്ല.  ഇന്ത്യൻ ദേശീയ പതാക ഇപ്പോൾ അപകടത്തിലാണ്. അതിനെ സംരക്ഷിക്കുന്ന ഓരോ സ്ഥാപനവും അപകടത്തിലാണ്. ഒരു നേതാവിനെയും പേടിപ്പിക്കാൻ കഴിയില്ല.  രാജ്യത്തെ ഭിന്നിപ്പിക്കാമെന്നു അവർ കരുതുന്നു. ഇന്ത്യയുടെ ഐക്യം തകർക്കാൻ കഴിയില്ല. മാധ്യമങ്ങൾ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ടിവിയിൽ മോഡിയുടെ ചിത്രം മാത്രം കാണുന്ന അവസ്ഥയാണ്. 

വിലക്കയറ്റമോ, തൊഴിൽ ഇല്ലായ്മയോ അവിടെ കാണാനില്ല, നോട്ട് നിരോധനം, കാർഷിക നിയമങ്ങൾ എല്ലാം നടപ്പാക്കാൻ ശ്രമിച്ചത് ചില വൻകിടക്കാർക്ക് വേണ്ടിയാണ്. കേന്ദ്ര സർക്കാർ, ബ്രിട്ടീഷുകാർ നടത്തിയ അതെ രീതിയിൽ ഇന്ത്യയെ ഭിന്നിപ്പിക്കുകയാണ്. ജനങ്ങളെ കേൾക്കാൻ ആണ് ഈ യാത്ര, രാജ്യത്തെ ഒന്നിപ്പിക്കാൻ ആണ് ഈ യാത്ര,ഈ കൊടിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കണം

കന്യാകുമാരിയിലെ ഗാന്ധി കൽമണ്ഡപത്തിൽ നിന്ന് തുടങ്ങുന്ന പദയാത്ര അ‌ഞ്ച്മാസം കഴിഞ്ഞ് ശ്രീനഗറിലാണ് അവസാനിക്കുക. ശ്രീ പെരുന്പത്തൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്ർച്ചന നടത്തിയ ശേഷമാണ് രാഹുൽ കന്യാകുമാരിയിലെത്തിയത്.  

അടുത്ത നാല് ദിവസം തമിഴ്നാട്ടിലൂടെ കടന്ന പോകുന്ന പദയാത്ര സെപ്തംബർ 11ന് കേരളത്തിലേക്ക് പ്രവേശിക്കും.117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും.  3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 ന് കശ്മീരിൽ  സമാപിക്കും.   ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും. 

click me!