
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ആശാ വർക്കർമാരുടെ സമര വേദിയിൽ എത്തിയത് തന്നെ ക്ഷണിച്ചിട്ടാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സമര വേദിയിലെത്തിയ തന്നെ ഇറക്കിവിട്ടു എന്ന മാധ്യമങ്ങളുടെ വാർത്തകൾക്കെതിരെയും രാഹുൽ ആഞ്ഞടിച്ചു. തന്റെ അമ്മമാരുടെ സമരമാണിതെന്നും ഒരു അമ്മമാരും മക്കളേ ഇറക്കിവിടില്ലെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. സമരത്തെ ഒറ്റുകൊടുക്കുന്ന മാധ്യമപ്രവർത്തകരാണ് അങ്ങനെ വാർത്ത കൊടുത്തത്. സമരസമിതി നേതാക്കൾ ക്ഷണിച്ചിട്ടാണ് എത്തിയത്. ഞാൻ പോയാലെ പ്രതിപക്ഷ നേതാവ് വരൂ എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സഭയിൽ അല്ലേ താൻ പോയതെന്നും രാഹുൽ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ആശാ സമരവേദിയിൽ എത്തിയപ്പോൾ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. തുടക്കത്തിൽ വേദിയിൽ എത്തിയ രാഹുൽ വി ഡി സതീശൻ എത്തും മുൻപ് മടങ്ങി. രാഹുലിനെ ഇറക്കി വിട്ടു എന്ന പ്രചാരണം ഉണ്ടായതിന് പിന്നാലെ വീണ്ടും രാഹുൽ വേദിയിൽ എത്തി. രമേശ് ചെന്നിത്തല ഇതേസമയം സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് ക്ഷണിച്ചിട്ടാണ് താൻ വന്നതെന്നും കുത്തിത്തിരിപ്പുകാരാണ് പ്രചാരണത്തിന് പിന്നിലെന്നും രാഹുൽ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിന് മുന്നിൽ 266 ദിവസം നീണ്ടുനിന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിനാണ് ഇതോടെ സമാപനമായത്. സമരം ജില്ലാതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ആശാ വർക്കർമാർ അറിയിച്ചിരുന്നു. ആശാ വർക്കർമാരുടെ സമര പന്തലിലേക്ക് രാഹുൽ മാങ്കൂട്ടത്തിലും എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam