
മുംബൈ: ബിജെപിയുടെ രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായ രാജൻ സാൽവിയെ ആണ് വോട്ടെടുപ്പിൽ നർവേക്കർ മറികടന്നത്. രാഹുൽ നർവേക്കർക്ക് 164 വോട്ടുകൾ കിട്ടി. 107 വോട്ടുകളാണ് ശിവസേനാ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഡെപ്യൂട്ടി സ്പീക്കറാണ് വോട്ടെടുപ്പ് നിയന്ത്രിച്ചത്. എംഎൽഎമാർ സഭയിൽ എഴുന്നേറ്റ് നിന്ന് വോട്ട് രേഖപ്പെടുത്തുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരുന്നത്. മുഖ്യമന്ത്രി ഏക‍്‍നാഥ് ഷിൻഡേ ആദ്യ വോട്ട് രേഖപ്പെടുത്തി. തൊട്ടുപിന്നാലെ, ദേവേന്ദ്ര ഫഡ്‍നാവിസ് വോട്ട് ചെയ്തു. എംഎൻഎസ്, ബഹുജൻ വികാസ് അഘാഡി എന്നിവരുടെ വോട്ടും രാഹുൽ നർവേക്കർക്ക് ലഭിച്ചു. ഈ രണ്ട് കക്ഷികളും നിലവിൽ എൻഡിഎയുടെ ഭാഗമല്ല. ശിവസേനയുടെ 38 വിമത എംഎൽഎമാരുടെ വോട്ടും ബിജെപിക്ക് ലഭിച്ചു. സിപിഎം എംഎൽഎ വിനോദ് നിക്കോളെ വോട്ട് സേനാ സ്ഥാനാർഥിക്ക് വോട്ട് ചെയ്തു.
കൊളാബ മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ നർവേക്കർ കന്നി അംഗത്തിൽ തന്നെ സ്പീക്കർ പദവിയിലും എത്തി. ശിവസേനയിൽ നിന്ന് പിരിഞ്ഞ് ബിജെപി പിന്തുണയോടെയാണ് നർവേക്കർ കൊളാബയിൽ ജനവിധി തേടിയത്. വിജയിക്കുകയും ചെയ്തു. ശിവസേന വിട്ടുവന്ന ഏക‍്നാഥ് ഷിൻഡേയെ മുഖ്യമന്ത്രിയാക്കിയ ബിജെപി മറ്റൊരു മുൻ ശിവസേനാ നേതാവിനെ തന്നെ സ്പീക്കർ തെരഞ്ഞെടുപ്പിലും ഉയർത്തിക്കാട്ടി എന്നത് ശ്രദ്ധേയം.
ബിജെപി പിന്തുണയോടെ ഷിൻഡേ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ ശിവസേനയിൽ നിന്ന് വഴിപിരിഞ്ഞ ശേഷമുള്ള ആദ്യ ചുവടിൽ വിജയം കൈവരിക്കാൻ ഏക‍്‍നാഥ് ഷിൻഡേക്കായി. വിമത എംഎൽഎമാരിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് ശിവസേന ക്യാമ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും അത്തരത്തിൽ ഒന്നും സംഭവിച്ചില്ല. നാളത്തെ വിശ്വാസ വോട്ടെടുപ്പ് എങ്ങനെയായിരിക്കും എന്നതിന്റെ സൂചനയായി മാറുകയായിരുന്നു സ്പീക്കർ തെരഞ്ഞെടുപ്പ്.