പെെലറ്റിനെ കാണാതായതില്‍ ദുഃഖം രേഖപ്പെടുത്തി രാഹുല്‍

By Web TeamFirst Published Feb 27, 2019, 5:48 PM IST
Highlights

വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും യുദ്ധവിമാനം മിഗ് 21 നഷ്ടമായെന്നും നേരത്തെ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു

ദില്ലി: വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യ സ്ഥിരീകരിച്ചതോടെ വിഷയത്തില്‍ ദുഃഖം രേഖപ്പെടുത്തി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യോമസേനയുടെ ഒരു പെെലറ്റിനെ കാണാതായി എന്ന് കേള്‍ക്കുന്നതില്‍ താന്‍ ദുഃഖിതനാണ്. ഒന്നും സംഭവിക്കാതെ എത്രയും വേഗം അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമെന്നാണ് തന്‍റെ പ്രതീക്ഷ.

ഈ സമ്മര്‍ദ സമയത്ത് നാം നമ്മുടെ സെെന്യ വിഭാഗങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും യുദ്ധവിമാനം മിഗ് 21 നഷ്ടമായെന്നും നേരത്തെ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ പാക്കിസ്ഥാന്‍ ഭീകര കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത്.

ഇന്ന് പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ പ്രതിരോധിച്ചെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു. പാക് ആക്രമണ ശ്രമത്തെ പ്രതിരോധിക്കുന്നതിന് ഇടയിലായിരുന്നു വിമാനം നഷ്ടമായതും വൈമാനികനെ കാണാതായതും.

വളരെ ചുരുങ്ങിയ വാക്കുകളിൽ എഴുതി തയ്യാറാക്കിയ വിശദീകരണ കുറിപ്പാണ് വാര്‍ത്താസമ്മേളനത്തിൽ വായിച്ചത്.കുടുതൽ വിവരങ്ങൾ കിട്ടാനുണ്ടെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

കൂടുതൽ ചോദ്യങ്ങളോടും പ്രതികരിച്ചില്ല. വ്യോമസേനയുടെ പ്രതിനിധി എയര്‍ വൈസ് മാര്‍ഷൽ ആര്‍ജികെ കപൂറും വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു. അതിർത്തി കടന്നെത്തിയ ഇന്ത്യൻ പൈലറ്റ് സംസാരിക്കുന്നു എന്ന പേരിൽ ഒരു മൊബൈൽ വീഡിയോ പാകിസ്ഥാൻ പുറത്തു വിട്ടിട്ടുണ്ട്.

റേഡിയോ പാകിസ്ഥാൻ എന്ന ഔദ്യോഗിക മാധ്യമം വഴിയാണ് പാകിസ്ഥാൻ ഒരു സൈനികന്‍റെ വീഡിയോ പുറത്തു വിട്ടത്. വ്യോമസേനാംഗമാണെന്ന് അവകാശപ്പെടുന്ന ഒരാളാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ നിലയിലുള്ള ഒരാളാണ് വീഡിയോയിൽ സംസാരിക്കുന്നത്.

🇮🇳 I’m sorry to hear that one of our brave IAF pilots is missing. I hope he will return home soon, unharmed. We stand by our armed forces in these difficult times. 🇮🇳

— Rahul Gandhi (@RahulGandhi)
click me!