അധ്യക്ഷ പദവി ആലോചനയിലില്ല, പുതിയ പ്രസിഡന്‍റിനെ പാർട്ടി കണ്ടെത്തട്ടെയെന്ന് രാഹുൽ

By Web TeamFirst Published Jun 20, 2019, 5:30 PM IST
Highlights

ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജിയിലുറച്ച് നിൽക്കുന്നതായി രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. പാർട്ടിയിൽ ഉത്തരവാദിത്തമുണ്ടാകേണ്ടതുണ്ട്. പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടത്തേണ്ടത് പാർട്ടിയാണ് - രാഹുൽ പറഞ്ഞു. 

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി അധ്യക്ഷസ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് രാഹുൽ ഗാന്ധി. പാർട്ടിയിൽ ഉത്തരവാദിത്തമുണ്ടാകേണ്ടതുണ്ട്. പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടത്തേണ്ടത് പാർട്ടിയാണ്. അക്കാര്യത്തിൽ താനിടപെടില്ലെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു. 

''പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയിൽ ഞാൻ പങ്കെടുക്കില്ല. ഞാനതിൽ ഇടപെട്ടാൽ പാർട്ടിയിൽ കാര്യങ്ങൾ സങ്കീർണമാകും. അന്തിമതീരുമാനം പാർട്ടി എടുക്കട്ടെ'', രാഹുൽ പറ‌ഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് ശേഷം ഫലം പുറത്തു വന്ന അന്നു തന്നെ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാൻ രാഹുൽ സന്നദ്ധത അറിയിച്ചിരുന്നു. അമേഠിയിൽ സ്മൃതി ഇറാനിയോട് തോൽക്കുക കൂടി ചെയ്തതോടെ കോൺഗ്രസിനകത്തും നേതൃത്വത്തിനെതിരായ വികാരം രൂപപ്പെട്ടിരുന്നു. എന്നാൽ എഐസിസി പ്രവ‍ർത്തക സമിതി ചേരും വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് രാഹുലിനോട് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. പിന്നീട് ചേർന്ന പ്രവർത്തക സമിതിയിൽ രാജിയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് രാഹുൽ പറഞ്ഞത്. 

കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് മുതിർന്ന നേതാക്കൾ പല വട്ടം രാഹുലിനോട് പിന്നീട് അഭ്യർത്ഥിച്ചു. ഇപ്പോൾ രാജി വയ്ക്കുന്നത് നല്ല സന്ദേശം താഴേത്തട്ടിലേക്ക് നൽകില്ലെന്ന് സോണിയാഗാന്ധിയും രാഹുലിനോട് പറഞ്ഞു. തോൽവിയ്ക്ക് കൂട്ടുത്തരവാദിത്തമാണുള്ളതെന്നും രാഹുലിന്‍റെ തലയിൽ മാത്രം തോൽവി കെട്ടിവയ്ക്കില്ലെന്നും പല തവണ നേതാക്കൾ പറഞ്ഞെങ്കിലും രാഹുൽ നിലപാടിൽ അയവ് വരുത്തിയില്ല. ഇതുവരെ രാഹുലിന്‍റെ രാജി തീരുമാനത്തിൽ കോൺഗ്രസിൽ ഒരു തീരുമാനവുമുണ്ടായിട്ടില്ല. 

''നമ്മൾ പോരാട്ടം തുടർന്നേ പറ്റൂ. കോൺഗ്രസിന്‍റെ അച്ചടക്കമുള്ള പോരാളിയാണ് ഞാൻ. അങ്ങനെത്തന്നെ തുടരും. നിർ‍ഭയം ഞാൻ പോരാട്ടം തുടരും. പക്ഷേ എനിക്ക് പാർട്ടി പ്രസിഡന്‍റായി തുടരണമെന്നില്ല. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ തന്നെ പ്രസിഡന്‍റ് പദത്തിലെത്തണമെന്നില്ല. ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ നിരവധിപ്പേർ കോൺഗ്രസ് പ്രസിഡന്‍റുമാരായിട്ടുണ്ടല്ലോ'', എന്നാണ് പരാജയം വിലയിരുത്താൻ ചേർന്ന പ്രവർത്തക സമിതിയിൽ രാഹുൽ പറഞ്ഞത്.

താൻ സ്ഥാനമൊഴി‍ഞ്ഞാൽ ഉടനെ പ്രിയങ്കയെ അധ്യക്ഷയാക്കണമെന്നില്ലെന്ന സൂചനയാണ് ഇതിലൂടെ രാഹുൽ നൽകുന്നത്. 1998-ലാണ് കൊൽക്കത്തയിൽ വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സോണിയാഗാന്ധിയെ പാർട്ടി പ്രസിഡന്‍റായി നിയമിക്കുന്നത്. അതിന് മുമ്പ് സീതാറാം കേസരിയായിരുന്നു എഐസിസി പ്രസിഡന്‍റ്. സോണിയക്ക് ശേഷം രാഹുൽ എഐസിസി പ്രസിഡന്‍റായി.

ഇതിനെല്ലാം മുൻപ് ജവഹർലാൽ നെഹ്‍റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമടക്കം എഐസിസി പ്രസിഡന്‍റുമാരായിരുന്നെങ്കിലും ഗാന്ധി കുടുംബത്തിന്‍റെ കുത്തകയായിരുന്നില്ല ആ പദവി. പക്ഷേ ഗാന്ധി കുടുംബത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു പാർട്ടി എന്നത് എല്ലാവർക്കും അറിയാവുന്നതുമാണ്. ഗാന്ധി കുടുംബത്തിന് മാത്രമേ കോൺഗ്രസിനെ ഒന്നിച്ചു നിർത്താനാകൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസിന്‍റെ മുതിർന്ന നേതൃത്വം ഇപ്പോഴും.

2014-ൽ കഴിഞ്ഞ തവണ സമാനമായ തോൽവിയുണ്ടായപ്പോൾ സോണിയയും രാഹുലും രാജി സന്നദ്ധത അറിയിച്ചതാണ്. അന്നും പാർട്ടി ഇത് തള്ളിക്കളഞ്ഞു. പരാജയം പഠിക്കാൻ എ കെ ആന്‍റണിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞ പുറത്തു വന്ന ആ റിപ്പോർട്ടിന്‍റെ കണ്ടെത്തലാകട്ടെ, ആ വലിയ തോൽവിയിൽ നേതൃത്വത്തിന് പരാജയത്തിൽ പങ്കില്ല എന്നുമായിരുന്നു. 

Read More: രാഷ്ട്രപതി പ്രസംഗിക്കുമ്പോള്‍ മൊബൈലില്‍ കളിച്ച് രാഹുല്‍ ഗാന്ധി; കണ്ണുരുട്ടി സോണിയ

click me!