ആദായ നികുതി വകുപ്പ് ലക്ഷ്യമിട്ടത് ശിവകുമാറിനെ; ചെന്നെത്തിയത് സിദ്ധാര്‍ഥയുടെ മരണത്തില്‍

By Web TeamFirst Published Aug 1, 2019, 12:15 PM IST
Highlights

ശിവകുമാറുമായുള്ള ബന്ധം സിദ്ധാര്‍ഥയുടെ പതനത്തിലേക്ക് നയിച്ചെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. കോണ്‍ഗ്രസ് വിട്ട് എസ് എം കൃഷ്ണ ബിജെപിയില്‍ എത്തിയെങ്കിലും സിദ്ധാര്‍ഥയും ശിവകുമാറുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നില്ല. 

ബെംഗലുരു: കഫെ കോഫി ഡേ ഉടമ വി ജി സിദ്ധാര്‍ഥയെ മരണത്തിലേക്ക് നയിച്ചത് കര്‍ണാടകത്തിലെ രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവായ ഡി കെ ശിവകുമാറിനെ ഒതുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്ന നടപടികളില്‍ കുടുങ്ങിയത് സിദ്ധാര്‍ഥയെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗൗഡ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ശിവകുമാറുമായി സിദ്ധാര്‍ഥ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സിദ്ധാര്‍ഥയുടെ ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയുടെ അടുത്ത അളായിരുന്ന ശിവകുമാറുമായുള്ള ബന്ധം സിദ്ധാര്‍ഥയുടെ പതനത്തിലേക്ക് നയിച്ചെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. കോണ്‍ഗ്രസ് വിട്ട് എസ് എം കൃഷ്ണ ബിജെപിയില്‍ എത്തിയെങ്കിലും സിദ്ധാര്‍ഥയും ശിവകുമാറുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നില്ല. 

വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന ശിവകുമാറിനെ ലക്ഷ്യമിട്ട് നടത്തിയ ആദായനികുതി റെയ്ഡുകള്‍ പിന്നീട് സിദ്ധാര്‍ഥയിലേക്കും എത്തിയതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കടബാധ്യതകളില്‍ കുടുങ്ങിയ സിദ്ധാര്‍ഥയെ റെയ്ഡുകള്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ശിവകുമാറിന്‍റെ ഓഫീസുകളില്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ച രേഖകളാണ് സിദ്ധാര്‍ഥയെ സംശയത്തിന്‍റെ നിഴലിലേക്കു കൊണ്ടുവന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ആദായനികുതി വകുപ്പില്‍നിന്നു വലിയ സമ്മര്‍ദ്ദം നേരിടേണ്ടിവന്നുവെന്ന് സിദ്ധാര്‍ഥയുടേതെന്ന പേരില്‍ പുറത്തുവന്ന ആത്മഹത്യാക്കുറിപ്പിലും വിശദമാക്കുന്നുണ്ട്. 2017-ലാണ് ശിവകുമാറിനെതിരായ റെയ്ഡുകള്‍ നടന്നത്. ശിവകുമാറും കഫെ കോഫി ഡേയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചു വിവരം ലഭിച്ചതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്ന് വെളിപ്പെടുത്തിയിരുന്നു. മൈന്‍ഡ്ട്രീ എന്ന കമ്പനിയിലെ സിദ്ധാര്‍ഥയുടെ ഓഹരികള്‍ കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിടുക്കം കാട്ടിയെന്ന് ശിവകുമാറിന്‍റെ സഹോദരനും കോണ്‍ഗ്രസ് എംപിയുമായ ഡി കെ സുരേഷ് ആരോപിക്കുന്നു.

20.3 ശതമാനം ഓഹരിയാണ് സിദ്ധാര്‍ഥക്ക് മൈന്‍ഡ്ട്രീയില്‍ ഉണ്ടായിരുന്നത്. ഓഹരികള്‍ വിറ്റ് കടബാധ്യതകള്‍ തീര്‍ക്കാന്‍ സിദ്ധാര്‍ഥ ശ്രമിക്കുന്നതിനിടെയാണ് ഓഹരികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചത്.  ശിവകുമാറിനെതിരായ അന്വേഷണത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ ഈ നടപടി അനാവശ്യമായിരുന്നെന്നാണ് ഡി കെ സുരേഷ് പറയുന്നത്. മൈന്‍ഡ്ട്രീയിലെ 74.9 ലക്ഷം ഓഹരികളാണ് ജനുവരിയില്‍ ആദായനികുതി വകുപ്പ് കണ്ടു കെട്ടിയത്. എന്നാല്‍ പിന്നീട് ഈ ഓഹരികള്‍ വിട്ട് നല്‍കിയെങ്കിലും ഓഹരികള്‍ എല്‍ആന്‍ഡ്ടിക്കു വില്‍ക്കാനുള്ള നീക്കം ഇതോടെ തടസപ്പെടുകയും വന്‍ബാധ്യതയ്ക്ക് ഇടയാക്കുകയും ചെയ്തുവെന്നാണ് ആരോപണം.

ഈ അന്വേഷണങ്ങള്‍ എല്ലാം തന്നെ ലക്ഷ്യമിട്ടത് ഡി കെ ശിവകുമാറിനെയാണെന്നാണ് കര്‍ണാടക രാഷ്ട്രീയത്തിലെ പലരും വിശദമാക്കുന്നത്. നിരവധി അഴിമതിക്കേസുകളും ശിവകുമാറിനെതിരെ നിലനില്‍ക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ച ബിജെപിയ്ക്ക് വെല്ലുവിളിയായത് ശിവകുമാറിന്‍റെ തന്ത്രങ്ങളായിരുന്നു. ശിവകുമാറിനെയും സിദ്ധാര്‍ഥയെയും ബന്ധിപ്പിക്കാന്‍ ആദായനികുതി വകുപ്പ് ശ്രമിച്ചിരുന്നുവെന്ന് ശിവകുമാറിന്‍റെ അഭിഭാഷകനും പറയുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. സിദ്ധാര്‍ഥയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടുമില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

click me!