ഉന്നാവ് ബലാത്സംഗക്കേസിൽ സുപ്രീംകോടതി ഇടപെടൽ; വിചാരണ ഉത്തർപ്രദേശിന് പുറത്ത്

By Web TeamFirst Published Aug 1, 2019, 11:42 AM IST
Highlights

ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലായ് 12-ന് പെണ്‍കുട്ടി അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നടപടി. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പെൺകുട്ടി അയച്ച കത്ത് സുപ്രീംകോടതി സിബിഐക്ക് കൈമാറും.

ലഖ്നൗ: ഉന്നാവ് ബലാത്സം​ഗക്കേസിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. കേസിന്റെ വിചാരണ ഉത്തർപ്രദേശിൽ നിന്ന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതുസംബന്ധിച്ച് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക് വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലായ് 12-ന് പെണ്‍കുട്ടി അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നടപടി.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പെൺകുട്ടി അയച്ച കത്ത് സുപ്രീംകോടതി സിബിഐക്ക് കൈമാറും. കേസിന്റെ അന്വേഷണ ചുമതലയുള്ള സിബിഐ ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് 12 മണിക്ക് കോടതിയിൽ നേരിട്ട് ഹാജരാകാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ട‌ിട്ടുണ്ട്. ആവശ്യമെങ്കിൽ സിബിഐ ഉദ്യോ​ഗസ്ഥന് ചീഫ് ജസ്റ്റിസ് ചേംബറിൽ പ്രത്യേക സിറ്റിങ്ങ് ആവശ്യപ്പെടാം. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സിബിഐ ഉ​ദ്യോ​ഗസ്ഥർ ഹാജരാക്കണം. അതിന് ശേഷം ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കും. അന്വേഷണ വിവരങ്ങൾ പുറത്തുവിടരുതെന്നും ഉദ്യോ​ഗസ്ഥർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉന്നാവ് ബലാത്സം​ഗക്കേസുമായി ബന്ധപ്പെട്ട നാല് കേസുകൾ ലഖ്നൗവിലെ സിബിഐ കോടതിയിൽ തുടരുന്നുണ്ട്. അതിനാൽ കേസിന്റെ വിചാരണ ലക്‌നൗ സിബിഐ കോടതിയിൽ നിന്ന് മാറ്റി ദില്ലിയിലാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ ഏപ്രിലിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതുസംബന്ധിച്ച് സുപ്രീംകോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍. അതിൻമേൽ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകർ ഇന്ന് പരി​ഗണിച്ച കേസിൽ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് കേസ് ദില്ലിയിലേക്ക് മാറ്റുമെന്ന തീരുമാനത്തിലേക്ക് സുപ്രീംകോടതി നീങ്ങിയത്. 

click me!