
ദില്ലി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ അന്തിമ ഹൈ സ്പീഡ് ട്രയൽ പൂർത്തിയായെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. കോട്ട-നാഗ്ദ റൂട്ടിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. റൈഡ് സ്റ്റെബിലിറ്റി, ഓസിലേഷൻ, വൈബ്രേഷൻ ബിഹേവിയർ, ബ്രേക്കിംഗ് , എമർജൻസി ബ്രേക്കിംഗ് മുതലായവ തൃപ്തികരമാണെന്ന് റെയിൽവേ സേഫ്റ്റി കമ്മീഷണർ വിലയിരുത്തി. 16 കോച്ചുകളുള്ളതാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ. റെയിൽ ഗതാഗത രംഗത്തെ സ്വയം പര്യാപതതയിൽ നിർണായക ചുവടുവയ്പ്പാണിതെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.
ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവന്നത്. രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുന്നത്. ഇന്നലെ പരീക്ഷണ യാത്രക്കിടെ 180 കി.മി വേഗത കൈവരിച്ചിട്ടും വെള്ളം നിറച്ച ഗ്ലാസുകൾ തുളുമ്പാത്തതിന്‍റെ ദൃശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ചിരുന്നു. 2026 തുടക്കത്തിൽ തന്നെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ ബിഇഎഎലിൽ ആണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോച്ചുകൾ നിർമിച്ചത്.
16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിന് ഉണ്ടാകുക. ഇതിൽ എസി ഫസ്റ്റ് ക്ലാസ്, 2-ടയർ എ.സി, 3-ടയർ എ.സി എന്നിങ്ങനെ വിവിധ ശ്രേണികളുണ്ടാകും. യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇന്‍റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്‌മെന്‍റ്, വിഷ്വൽ ഇൻഫർമേഷൻ സംവിധാനം, ഡിസ്‌പ്ലേ പാനലുകളും സുരക്ഷാ ക്യാമറകളും, മോഡുലാർ പാന്ട്രികൾ, ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്‌ലറ്റുകൾ എന്നിങ്ങനെ മികച്ച സൌകര്യങ്ങൾ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam