
ദില്ലി: ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്കുള്ള മാർഗ്ഗനിർദേശങ്ങൾ ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. ടിക്കറ്റ് കൺഫേം മെസേജ് കിട്ടിയവർ മാത്രമേ ഇനി റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂവെന്ന് റെയിൽവെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ടിക്കറ്റ് ലഭിച്ചവരുടെ വാഹനങ്ങൾ മാത്രമേ ഇനി റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് കേറ്റി വിടു. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം. കോച്ചുകളിൽ കേറുന്ന ഘട്ടത്തിലും ഇറങ്ങുന്ന ഘട്ടത്തിലും സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകണം.
സ്ക്രീനിംഗ് നടത്തിയാവും യാത്രക്കാരെ കോച്ചുകളിലേക്ക് പ്രവേശിപ്പിക്കുക. ഏതെങ്കിലും തരത്തിൽ രോഗലക്ഷണമുള്ളവരെ ഒരു കാരണവശാലും യാത്ര ചെയ്യാൻ അനുവദിക്കില്ല. പുറപ്പെടുന്ന സ്റ്റേഷനിലേയും എത്തിച്ചേരുന്ന സ്റ്റേഷനിലേയും സർക്കാരുകൾ നിർദേശിക്കുന്ന കൊവിഡ് പ്രോട്ടോക്കോളിനോട് യാത്രക്കാർ പൂർണമായും സഹകരിക്കണം. യാത്രയിലുടനീളം എല്ലാവരും സാമൂഹിക അകലം പാലിക്കുകയും വേണം.
പാസഞ്ചർ ട്രെയിനുകൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഗതാഗത മേഖല സാധാരണ നിലയിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുങ്ങുന്നതായാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലേക്കുൾപ്പടെ 30 പാസഞ്ചർ ട്രെയിനുകൾ നാളെ മുതൽ ഓടിത്തുടങ്ങും. വിമാനസർവ്വീസും ബസ്
സർവ്വീസുകളും പുനസ്ഥാപിക്കാനുള്ള നീക്കവും കേന്ദ്രം തുടങ്ങിയിട്ടുണ്ട്.
ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ മൂന്ന് സര്‍വ്വീസുകൾ ഉൾപ്പടെ 30 പാസഞ്ചര്‍ ട്രെയിനുകൾക്കാണ് ഇന്നലെ പച്ചക്കൊടി കിട്ടിയത്. ബുധനാഴ്ച ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആദ്യ സർവ്വീസ്. കേരളത്തിൽ നിന്ന് തിരിച്ചുള്ള സർവ്വീസ് വെള്ളിയാഴ്ച തുടങ്ങും. കേരളത്തിൽ. തിരുവനന്തപുരം എറണാകുളം കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാകും സ്റ്റോപ്പ്. വിമാനസർവ്വീസും വൈകാതെ തുടങ്ങും എന്ന സൂചനയും കേന്ദ്രം നല്കുന്നു.
ആദ്യഘട്ടത്തിൽ നാലിലൊന്ന് വിമാനസർവ്വീസ് ആകും ഉണ്ടാകുക. ഗ്രീൻ സോണിന് പുറമെ മറ്റു സോണുകളിലും ബസ് സർവ്വീസിന് ആലോചനയുണ്ട്. മെട്രോ ലോക്കൽ ട്രെയിൻ സർവ്വീസുകൾ തുടങ്ങണം എന്ന ആവശ്യം വ്യവസായ ലോകത്ത് നിന്ന് ഉയരുന്നുണ്ട്.
ഗതാഗത സംവിധാനങ്ങൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കേണ്ട് വരും എന്ന് മന്ത്രി നിതിൻ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തികരംഗത്തെ നിശ്ചാവസ്ഥ മാറണം എന്ന സന്ദേശമാണ് കേന്ദ്രം നല്കുന്നത്. എന്നാൽ യാത്ര കൂടുന്നത് രോഗവ്യാപനത്തിനും ഇടയാക്കാം. സ്വയം നിയന്ത്രണം പാലിച്ച് വൈറസിനൊപ്പം ജീവിക്കുക എന്നതിലേക്ക് കേന്ദ്രം നീങ്ങുമ്പോൾ സംസ്ഥാനങ്ങൾ നേരിടാൻ പോകുന്നത് വലിയ വെല്ലുവിളിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam