ശ്രമിക് ട്രെയിനുകളിൽ തൊഴിലാളികളെ പിഴിഞ്ഞ് റെയിൽവെ; ടിക്കറ്റ് നിരക്ക് മുഴുവനും ഈടാക്കാൻ വിചിത്രമായ കണക്ക്

By Web TeamFirst Published May 18, 2020, 2:37 PM IST
Highlights

ടിക്കറ്റ് ചാര്‍ജ് സംസ്ഥാനങ്ങൾ നൽകണമെന്ന് റെയിൽവെ. സംസ്ഥാന സര്‍ക്കാരിന്‍റെ കയ്യിൽ പണമില്ലെങ്കിൽ സന്നദ്ധ സംഘടനകളിൽ നിന്ന് സഹായം സ്വീകരിച്ച് പണം നൽകണമെന്നും കേന്ദ്ര റെയിൽവെ മന്ത്രാലയം.

ദില്ലി: ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിനുകളിൽ മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കാൻ വിചിത്രമായ കണക്കുമായി റെയിൽവെ. എന്നാൽ, റെയിൽവെയുടെ കണക്കുകൾക്ക് വിരുദ്ധമായ പ്രതികരണമാണ് ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമൻ നൽകിയത്. ഇതോടെ, ഇക്കാര്യത്തിൽ റെയിൽവെയ്ക്കും ധനമന്ത്രാലയത്തിനും ഇടയിലെ ആശയകുഴപ്പംകൂടി പുറത്തുവരികയാണ്.

തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് നിരക്കിന്‍റെ 100 ശതമാനവും ഈടാക്കുന്നില്ല എന്ന് സ്ഥാപിക്കുന്ന മറുപടിയാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചോദ്യത്തിന് ധനമന്ത്രി നിര്‍മല സീതാരാമൻ നൽകിയത്. ധനമന്ത്രിയുടെ വാക്കുകൾ പ്രകാരമാണെങ്കിൽ തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് നിരക്കിന്‍റെ 15 ശതമാനം മാത്രമെ ഈടാക്കുന്നുള്ളു. ആ 15 ശതമാനം സംസ്ഥാനങ്ങൾ വഹിക്കുകയാണെങ്കിൽ യാത്ര സൗജന്യം. പക്ഷെ, ധനമന്ത്രിയുടെ വിശദീകരണത്തിന് നേരെ വിപരീതമായാണ് റെയിൽവെ മന്ത്രാലയം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. 

ടിക്കറ്റ് ചാര്‍ജ് എന്നത് ഒരു ട്രെയിൻ ഓടാൻ വേണ്ടിവരുന്ന ചെലവിന്‍റെ 15 ശതമാനമാണ്. അവശേഷിക്കുന്ന 85 ശതമാനം സിഗ്നലിംഗ് ഉൾപ്പടെയുള്ള മറ്റ് ചെലവുകൾ. അതായത് ഒരു യാത്രക്ക് ഈടാക്കുന്ന ടിക്കറ്റിന്‍റെ ചാര്‍ജ് 1000 രൂപയാണെങ്കിൽ ആ നിരക്ക് ട്രെയിൻ ഓടാനുള്ള മൊത്തം ചെലവിന്‍റെ 15 ശതമാനം. എന്നുവെച്ചാൽ 1000 പേരാണ് ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നതെങ്കിൽ ടിക്കറ്റ് ചാര്‍ജ് ഇനത്തിൽ കിട്ടുന്ന 10 ലക്ഷം രൂപ ട്രെയിൻ ഓടിക്കാൻ വേണ്ടിവരുന്ന മൊത്തം ചെലവിന്‍റെ 15 ശതമാനം. അപ്പോൾ ഒരു ട്രെയിൻ ഓടിക്കാൻ 1000 രൂപ ടിക്കറ്റ് നിരക്കുള്ള ഒരു സ്ഥലത്ത് ഏതാണ്ട് 70 ലക്ഷം രൂപ ചെലവ് വരുമെന്നാണ് റെയിൽവെയുടെ വിചിത്രമായ കണക്ക്.

ചുരുക്കത്തിൽ 100 ശതമാനം ടിക്കറ്റ് ചാര്‍ജും റെയിൽവെ ഈടാക്കുന്നു. ഇത് തൊഴിലാളികളിൽ നിന്ന് വാങ്ങണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണം കൂടി റെയിൽവെ നൽകി. സംസ്ഥാന സര്‍ക്കാരിന്‍റെ കയ്യിൽ പണമില്ലെങ്കിൽ ഏതെങ്കിലും സന്നദ്ധ സംഘടനകളിൽ നിന്ന് സഹായം സ്വീകരിച്ച് പണം നൽകണമെന്നും കേന്ദ്ര റെയിൽവെ മന്ത്രാലയം നിർദ്ദേശിക്കുന്നു.

click me!