ഉദയ്പൂരിലെ റെയിൽവേ ട്രാക്ക് പൊട്ടിത്തെറി ഭീകരാക്രമണമെന്ന് എഫ്ഐആർ

By Web TeamFirst Published Nov 14, 2022, 12:10 PM IST
Highlights

ഓഡ സ്‌ഫോടനം ഭീകര പ്രവർത്തനമാണെന്നും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിച്ചതാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. 

ഉദയ്പൂർ: ഉദയ്പൂരിൽ റെയിൽവേ ട്രാക്ക് പൊട്ടിത്തെറിച്ച സംഭവം ഭീകരാക്രമണമാണെന്ന് രാജസ്ഥാൻ പൊലീസ്.   ഓഡ സ്‌ഫോടനം ഭീകര പ്രവർത്തനമാണെന്നും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിച്ചതാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. 

ശനിയാഴ്ചയാണ് പൊട്ടിത്തെറി ഉണ്ടായത്.  രാത്രി 7 മുതൽ 7.15 വരെ ഓട ഗ്രാമത്തിലെ പ്രദേശവാസികൾ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി പൊലീസ് കണ്ടെത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. ശബ്ദം കേട്ട് റെയിൽവേ ട്രാക്കിലെത്തിയ നാട്ടുകാർ പൊട്ടിത്തെറിച്ച റെയിൽവേ ട്രാക്കുകളും സ്‌ഫോടക വസ്തുക്കളും ഉരുക്ക് മാലിന്യവും കണ്ട് ഞെട്ടി. ട്രാക്കിൽ സ്‌ഫോടകവസ്തുക്കൾ വച്ചാണ് പൊട്ടിത്തെറി ഉണ്ടാക്കിയത്. ഇത് സാധാരണക്കാരിൽ ഭീതി സൃഷ്ടിച്ച് രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണെന്നും പൊലീസ് പറയുന്നു. 

പൊട്ടിത്തെറി നടന്ന ട്രാക്കിലൂടെയാണ് ദിവസം തോറും അഹമദാബാദ്- ഉദയ്പൂർ അസർവ്വ റൂട്ടിലേക്ക് രണ്ട് ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്. യുഎപിഎ  നിയമത്തിലെ സെക്ഷൻ 16 , സെക്ഷൻ 18 (ഭീകരപ്രവർത്തനം നടത്തുകയോ നടത്താനുദ്ദേശിക്കുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്‌ഫോടകവസ്തു നിയമത്തിന്റെ പ്രസക്തമായ വകുപ്പുകൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 150, 151, 285, പൊതുജനങ്ങൾക്കും സ്വത്തിനും നാശനഷ്ടം വരുത്തുന്നത് തടയുന്ന നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ഡിസംബർ 5 മുതൽ 7 വരെ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടി ഷെർപ്പ മീറ്റിംഗിന്റെ ക്രമീകരണങ്ങൾക്കായി  മുതിർന്ന ഉദ്യോഗസ്ഥർ ഉദയ്പൂരിലെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് സ്ഫോടനം നടന്നത്. ഭീകരവിരുദ്ധ സ്ക്വാഡ്, എൻഐഎ, ആർപിഎഫ് എന്നിവരും കേസ് അന്വേഷണത്തിന്റെ ഭാ​ഗമായിരുന്നു. 

Read Also: ജി 20 ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് ഗുണകരമായ ചർച്ചകളുണ്ടാകും, ഉഭയകക്ഷി ബന്ധം ദൃഢമാക്കും: നരേന്ദ്ര മോദി

click me!