
ദില്ലി: വന്ദേ ഭാരത് എക്‌സ്‌പ്രസ്സിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഐ.ആർ.സി.ടി.സി (IRCTC)-ക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യൻ റെയിൽവേ. പാറ്റ്‌ന - ടാറ്റാനഗർ വന്ദേ ഭാരത് എക്‌സ്‌പ്രസ്സിൽ മാർച്ച് 15-ന് യാത്ര ചെയ്ത യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കർശന നടപടി. ഭക്ഷണത്തിൻ്റെ ഗുണനിലവാരത്തിൽ വീഴ്ച വരുത്തിയതിന് ഭക്ഷണം വിതരണം ചെയ്ത കരാർ കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും ഇവരുടെ കരാർ റദ്ദാക്കാനും തീരുമാനിച്ചു.
യാത്രക്കാരന് വിളമ്പിയ തൈരിലും പരിപ്പുകറിയിലും പുഴുക്കളെ കണ്ടെത്തിയതാണ് വിവാദത്തിന് കാരണമായത്. പരാതിപ്പെട്ടപ്പോൾ അത് കുങ്കുമപ്പൂവ് ആണെന്ന് പറഞ്ഞ് റെയിൽവേ ജീവനക്കാർ ഒഴിയാൻ ശ്രമിച്ചെങ്കിലും, പാത്രത്തിൽ പുഴുക്കൾ ഇഴയുന്ന വീഡിയോ യാത്രക്കാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചയായി. തുടർന്ന് നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളാണ് വിതരണം ചെയ്തതെന്ന് വ്യക്തമായി. യാത്രക്കാരുടെ സുരക്ഷയ്ക്കും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനുമാണ് റെയിൽവേ മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വർഷം തോറും കോടിക്കണക്കിന് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന റെയിൽവേയിൽ ഇത്തരം ഗുരുതരമായ വീഴ്ചകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. പ്രീമിയം ട്രെയിനുകളിൽ പോലും ഭക്ഷണത്തെക്കുറിച്ച് പരാതികൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് റെയിൽവേയുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam