സെപ്റ്റംബർ 12 മുതൽ 80 പുതിയ ട്രെയിനുകൾ കൂടി, റിസർവേഷൻ സെപ്റ്റംബർ 10 മുതൽ

By Web TeamFirst Published Sep 5, 2020, 6:23 PM IST
Highlights

നിലവിൽ 230 ട്രെയിൻ സർവീസുകളാണ് രാജ്യത്തുടനീളമുള്ളത്. ഇതിന് ഒപ്പമാണ് 40 ജോടി ട്രെയിനുകൾ കൂടി സർവീസ് തുടങ്ങുന്നത്. രാജ്യത്ത് ഇന്ന് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നിരുന്നു.

ദില്ലി: രാജ്യത്ത് 40 ജോടി പുതിയ ട്രെയിൻ സർവീസുകൾ കൂടി തുടങ്ങാൻ റെയിൽവേ തീരുമാനിച്ചു. സെപ്റ്റംബർ 12 മുതലാണ് പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ തുടങ്ങുക. ഇവയിലേക്കുള്ള ബുക്കിംഗ് സെപ്റ്റംബർ 10 മുതൽ തുടങ്ങും. നിലവിൽ 230 ട്രെയിൻ സർവീസുകളാണ് രാജ്യത്തുടനീളമുള്ളത്. ഇതിന് ഒപ്പമാണ് 80 ട്രെയിനുകൾ കൂടി സർവീസ് തുടങ്ങുന്നത്. 

''സംസ്ഥാനസർക്കാരുകൾ ആവശ്യപ്പെടുന്നതിനനുസരിച്ച്, പരീക്ഷകൾക്കും മറ്റുമായി പ്രത്യേക ട്രെയിനുകൾ തുടങ്ങും. സമാനമായ മറ്റ് ആവശ്യങ്ങളുന്നയിച്ചാൽ, അത് പരിഗണിച്ച് ആവശ്യമെങ്കിൽ അനുവദിക്കും. എല്ലാ സ്പെഷ്യൽ ട്രെയിനുകളിലെയും ബുക്കിംഗ് സ്റ്റാറ്റസ് പരിശോധിക്കും. നീണ്ട വെയ്റ്റിംഗ് ലിസ്റ്റുണ്ടെങ്കിലോ, കൂടുതൽ ട്രെയിനുകൾ വേണമെന്ന ആവശ്യമുയരുമ്പോഴോ, ക്ലോൺ ട്രെയിനുകളും ഓടിക്കും'', എന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

അൺലോക്ക് 4 മാർഗനിർദേശങ്ങൾ പുറത്തിറക്കിയപ്പോൾ, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നതാണ്. മാർച്ച് 25-നാണ് കൊവിഡ് രോഗബാധയുടെയും ലോക്ക്ഡൗണിന്‍റെയും പശ്ചാത്തലത്തിൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിയത്. 

click me!