Marriage Age 21 : സ്ത്രീകളുടെ വിവാഹപ്രായം 21 : ബില്ല് തിങ്കളാഴ്ച രാജ്യസഭയിൽ ? എതിർക്കുമോ കോൺഗ്രസും

By Web TeamFirst Published Dec 18, 2021, 1:17 PM IST
Highlights

മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകൾ ഉണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു.

ദില്ലി: സ്ത്രീകളുടെ വിവാഹപ്രായം ( Marriage Age) ഇരുപത്തിയൊന്നായി ( Marriage Age 21 ) ഉയർത്താനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ (Parliament) അവതരിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ എതിർപ്പുമായി കോൺഗ്രസും (Congress). വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസ് ആരോപിച്ചു. മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകൾ ഉണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. ബില്ലിനെ എതിർക്കണമെന്നാണ് കോൺഗ്രസിലെ ഭൂരിപക്ഷ നിലപാട്.  ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചു. 

പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യുമെന്ന് സമാജ് വാദി പാർട്ടിയും എംഐഎമ്മും അറിയിച്ചു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ ബിജെപി നീക്കത്തെ എതിർക്കാനാണ് സമാജ് വാദി പാർട്ടിയുടെ തീരുമാനം. ഇന്ത്യയിൽ ഇപ്പോൾ ഈ ബില്ലിന്റെ ആവശ്യമില്ലെന്നും എതിർത്ത് വോട്ടു ചെയ്യാൻ തീരുമാനിച്ചതായും സമാജ് വാദി പാർട്ടി വ്യക്തമാക്കി. അസദുദ്ദീൻ ഒവൈസിയുടെ എംഐഎമ്മും ബില്ലിനെ എതിർക്കും. നേരത്തെ മുസ്ലിംലീഗ്, സിപിഎം, സിപിഐ എന്നീ പാർട്ടികളും എതിർപ്പ് പരസ്യമാക്കിയിരുന്നു. ദില്ലിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം ആവർത്തിച്ചു. 

Marriage Age 21 : വിവാഹപ്രായം 21 ആക്കുന്നത് ദുരൂഹം; സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും കോടിയേരി

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ ഇതുവരെ ശീതകാല സമ്മേളനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ തിങ്കളാഴ്ച രാജ്യസഭയിൽ ബില്ല് കൊണ്ടു വരാനാണ് സർക്കാർ നീക്കം. ബില്ല് പുരോഗമനപരം എന്ന നിലപാട് ഇന്നലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞതും നീക്കത്തിൻറെ സൂചനയായി. 

അതേ സമയം, വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള ബില്ല് തിങ്കളാഴ്ച ലോക്സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേണ്ടത്ര ചർച്ചയില്ലാതെയാണ് ഈ ബില്ലും കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ശീതകാല സമ്മേളനത്തിൽ നാലു ദിവസം മാത്രം ബാക്കി നില്ക്കെ വിവാഹപ്രായം ഉയർത്താനുള്ള ബില്ല് പാസാകാനിടയില്ല. എന്നാൽ വിഷയം സജീവമാക്കി നിറുത്താനാണ് സർക്കാർ നീക്കം. 

click me!