കമൽഹാസന്‍റെ ഹിന്ദു തീവ്രവാദ പരാമർശം: ഇപ്പോഴൊന്നും പറയാനില്ലെന്ന് രജനീകാന്ത്

By Web TeamFirst Published May 14, 2019, 10:52 AM IST
Highlights

ബിജെപിയും വിവേക് ഒബ്റോയിയടക്കമുള്ള താരങ്ങളും കമൽഹാസന്‍റെ പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ, പ്രതികരിക്കാനില്ലെന്ന നിലപാടാണ് രജനീകാന്ത് എടുത്തിരിക്കുന്നത്

ചെന്നൈ: കമൽഹാസന്‍റെ ഹിന്ദു തീവ്രവാദ പരാമർശത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് നടൻ രജനികാന്ത്. ബിജെപിയും വിവേക് ഒബ്റോയിയടക്കമുള്ള താരങ്ങളും കമൽഹാസന്‍റെ പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ, പ്രതികരിക്കാനില്ലെന്ന നിലപാടാണ് രജനീകാന്ത് എടുത്തിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നാണ് നടനും, തമിഴ്‌നാട്ടിലെ മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ കക്ഷിയുടെ അധ്യക്ഷനുമായ കമല്‍ ഹാസന്‍ പറഞ്ഞത്. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍ഹാസൻ. 'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്' കമല്‍ ഹാസന്‍ പറഞ്ഞു. 

"ഇവിടെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടല്ല ഞാനിത് പറയുന്നത്.  ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്‍റെ മരണത്തില്‍ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്, ഒരു നല്ല ഇന്ത്യക്കാരന്‍ അവന്റെ രാജ്യം സമാധാന പൂര്‍ണമാകണമെന്നും എല്ലാവരും തുല്യതയോടെ ജീവിക്കണമെന്നും ആഗ്രഹിക്കും," കമല്‍ ഹാസന്‍ പ്രസംഗത്തിൽ വിശദീകരിച്ചു.

ഈ പരാമർശത്തിൽ കമൽഹാസൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്‍ഹാസന്‍ ശ്രമിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്.

click me!