കേരളം വഴികാട്ടി, ഇപ്പോള്‍ രാജസ്ഥാന്‍; സിഎഎക്കെതിരെ പ്രമേയം പാസായി

By Web TeamFirst Published Jan 25, 2020, 6:13 PM IST
Highlights

ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതില്‍ പുതിയ വിവരങ്ങള്‍ ആരാഞ്ഞുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രത്തിനോട് രാജസ്ഥാന്‍ നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

ജയ്പൂര്‍: കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസാക്കി. ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതില്‍ പുതിയ വിവരങ്ങള്‍ ആരാഞ്ഞുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രത്തിനോട് രാജസ്ഥാന്‍ നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ശബ്‍ദവോട്ടോടെയാണ് രാജസ്ഥാന്‍ നിയമസഭയില്‍ സിഎഎ വിരുദ്ധ പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ വ്യവസ്ഥകള്‍ തകര്‍ക്കുകയാണ്. പൗരത്വ നല്‍കുന്നതിനെ മാനദണ്ഡമാക്കുന്ന പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് അതിനാല്‍ ആവശ്യപ്പെടുന്നു. എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും നിയമങ്ങള്‍ക്ക് മുന്നില്‍ തുല്യരാണെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് പാര്‍ലമെന്‍ററികാര്യ മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു.

അതേസമയം, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് ഖട്ടാരിയ പ്രമേയത്തെ ചോദ്യം ചെയ്തു. പൗരത്വ നല്‍കുന്നത് കേന്ദ്രത്തിന്‍റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം കോൺഗ്രസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

കേരളമാണ് പൗരത്വ നിയമ ഭേദദതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത്. പിന്നീട് കേരളത്തിന്‍റെ മാതൃക സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കിയത് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്‍ഗഢ് എന്നീ സംസ്ഥാനങ്ങളിലും സമാനരീതിയില്‍ പ്രമേയം കൊണ്ടു വരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ സമാനമായി രാജസ്ഥാനിലും പ്രമേയം പാസായതോടെ ബിജെപി ഇതര സര്‍ക്കാരുകളുള്ള മറ്റ് സംസ്ഥാനങ്ങളും ഇതേ മാര്‍ഗ്ഗം സ്വീകരിച്ചേക്കും.
 

click me!