
ജയ്‌പൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ രാജസ്ഥാന്‍ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം. അശോക് ഗലോട്ട് സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും. നീക്കം പരാജയപ്പെടുമെന്നും വിശ്വാസവോട്ടെടുപ്പ് നടത്തുമെന്നും മുഖ്യമന്ത്രി അശോക് ഗലോട്ട് പ്രതികരിച്ചു. 200 അംഗ നിയമസഭയില്‍ 120 പേരെങ്കിലും ഗലോട്ടിനൊപ്പം നില്‍ക്കും. അവിശ്വാസപ്രമേയം കൊണ്ടുവന്ന് സര്‍ക്കാരിനെതിരായ നീക്കം സജീവമാക്കി നിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം. സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ്, ബിജെപി നിയമസഭാകക്ഷിയോഗം ഇന്നലെ ചേര്‍ന്നു.
രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും കൂടിക്കാഴ്ച നടത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ ഇരുവരും ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. പുഞ്ചിരിച്ചും ഹസ്തദാനം ചെയ്തുമാണ് ഇരുവരും എത്തിയത്. ഇതോടെ ഒരുമാസം നീണ്ട രാഷ്ട്രീയ വടംവലിക്ക് അവസാനമായി.
സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷമായ ബിജെപി തീരുമാനിച്ചതിന് പിന്നാലെ പാര്‍ട്ടിയിലെ ഇരുവിഭാഗവും ഒന്നിച്ചത് കോണ്‍ഗ്രസിന് ആശ്വാസമായി. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ഗലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. 200 അംഗ നിയമസഭയില്‍ 102 സീറ്റോടെയാണ് ഗലോട്ട് ഭരിക്കുന്നത്. 75 സീറ്റാണ് മുഖ്യപ്രതിപക്ഷമായ ബിജെപിക്കുള്ളത്. സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ അധികമായി 30 എംഎല്‍എമാരുടെ പിന്തുണയെങ്കിയും ആവശ്യമാണ്.
ചൊവ്വാഴ്ചയാണ് സച്ചിന്‍ പൈലറ്റും 18 വിമത എംഎല്‍എമാരും ജയ്പൂരില്‍ തിരിച്ചെത്തിയത്. രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സച്ചിന്‍ പൈലറ്റ് ഒത്തുതീര്‍പ്പിന് വഴങ്ങിയത്. വിമത എംഎല്‍എമാരുടെ പിന്തുണയില്ലെങ്കിലും തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാകും. എന്നാല്‍ അത് സന്തോഷം തരില്ല. കുടുംബം കുടുംബമാണ്-ഗലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam