
ജയ്‍പൂര്‍: ഭര്‍ത്താവിന്‍റെ ചിതയില്‍ ഭാര്യമാര്‍ ചാടിമരിക്കുന്ന ‘സതി’ എന്ന ദുരാചാരം പ്രതിധാനം ചെയ്യുന്ന ചിതം രാജസ്ഥാൻ സർക്കാർ പാഠപുസ്തകത്തിൽനിന്ന് നീക്കം ചെയ്തു. എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നിന്നാണ് ചിത്രം നീക്കം ചെയ്തത്. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച റിവിഷന്‍ കമ്മിറ്റിയാണ് പാഠപുസ്‍തകത്തിന്‍റെ പുറംചട്ടയിൽനിന്നും ചിത്രം ഒഴിവാക്കിയത്. കഴിഞ്ഞ ബിജെപി സർക്കാരാണ് പാഠപുസ്തകത്തിൽ സതിയുടെ ചിത്രം ഉൾപ്പെടുത്തിയത്.
പാഠപുസ്‍തകത്തിൽ ഉൾപ്പെടുത്തിയ സതിയുടെ ചിത്രം നിയമവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊതാസ്ര ചൂണ്ടിക്കാട്ടി. നിലവിൽ കുന്നിന്‍ മുകളിലെ ഒരു കോട്ടയുടെ ചിത്രമാണ് പാഠപുസ്‍തകത്തിന്‍റെ പുറംചട്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാന്റെ സംസ്ക്കാരം ലോകത്തിന് മുന്നിൽ വിളിച്ചോതുന്നതാണ് നിലവിലെ ചിത്രമെന്ന് ദൊതാസ്ര പറഞ്ഞു.
രാജ്യത്ത് നിരോധിച്ച ദുരാചാരമായി സതിയുടെ ചിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ ബിജെപിയുടെ തീരുമാനം വളരെ കടുത്തതാണ്. രാജ് സർക്കാർ എന്തിനാണ് സതിയെ ഇത്രമാത്രം പ്രകീര്‍ത്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. സതിയെന്ന ദുരാചാരത്തെ രാജ്യത്ത് പ്രചരിപ്പിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും ദൊതാസ്ര പറഞ്ഞു.
അതേസമയം ദൊതാസ്രയുടെ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് മുൻ ബിജെപി എംഎൽഎയും ജയ്പൂർ രാജകുടുംബത്തിലെ അംഗവുമായി ദിയ കുമാരി രംഗത്തെത്തി. മഹാറാണ പ്രതാപ്, വിവാദ തീവ്രഹിന്ദുത്വ നേതാവ് സവര്‍ക്കര്‍, റാണി സതി എന്നിവരുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യുന്നത് അവരോടുള്ള നിന്ദയാണെന്ന് ദിയ കുമാരി പ്രതികരിച്ചു.
എന്നാൽ മഹാറാണ പ്രതാപ്, വിഡി സവാർക്കർ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെട്ട ഭാഗങ്ങൾ മാറ്റിയെഴുതിയത് നല്ല പ്രവർത്തിയാണെന്നായിരുന്നു ദിയ കുമാരിക്ക് ദൊതാസ്ര നൽകിയ മറുപടി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സ്വയം തീയിൽച്ചാടി മരിക്കുന്നതിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനാകില്ല. അമേരിക്കയിലെ അറിയപ്പെടുന്ന കോളേജുകളില്‍ പോയി പെണ്‍കുട്ടികള്‍ പഠിക്കുന്നത് കാണാനാണ് താല്‍പര്യപ്പെടുന്നതെന്നും ദൊതാസ്ര പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam