പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

By Web TeamFirst Published Jan 19, 2020, 6:59 PM IST
Highlights

സര്‍ക്കാറിന്‍റെ നീക്കത്തെ ശക്തമായി എതിര്‍ക്കും. മുഖ്യമന്ത്രിയെന്നല്ല, ആരും നിയമത്തിന് മുകളിലല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. 


ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിനും പഞ്ചാബിനും പിന്നാലെ പ്രമേയം പാസാക്കാന്‍ രാജസ്ഥാന്‍ നിയമസഭയും. ജനുവരി 24ന് തുടങ്ങുന്ന ബജറ്റ് സെഷനിലാണ് പ്രമേയം അവതരിപ്പിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന്‍ നിയമസഭ പ്രമേയം പാസാക്കാന്‍ തീരുമാനിച്ചു. അടുത്ത ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന്‍ നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കണമെന്ന് ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ എംഎല്‍എ വാജിബ് അലി മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന് കത്തെഴുതിയിരുന്നു. 

സിഎഎക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. സിഎഎ ഭരണഘടനാവിരുദ്ധമാണെന്നും അലി പറഞ്ഞു. അതേസമയം, പ്രമേയത്തിനെ ശക്തമായി എതിര്‍ക്കുമെന്ന് ബിജെപി വ്യക്തമാക്കി. സര്‍ക്കാറിന്‍റെ നീക്കത്തെ ശക്തമായി എതിര്‍ക്കും. മുഖ്യമന്ത്രിയെന്നല്ല, ആരും നിയമത്തിന് മുകളിലല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. രാജസ്ഥാനില്‍ സിഎഎയും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം കേരള നിയമസഭയാണ് പ്രമേയം പാസാക്കിയത്. പ്രമേയത്തെ ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍ എതിര്‍ത്തില്ല എന്നത് ശ്രദ്ധേയമായിരുന്നു.  പിന്നീട് കേരളത്തിന്‍റെ മാതൃക സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. തുടര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കിയതോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനും രംഗത്തെത്തുന്നത്. 

click me!