
ഗൊരഖ്പുര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പ്രതിപക്ഷം സ്ഥിതിഗതികള്‍ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും യോഗി പറഞ്ഞു. ഗൊരഖ്പുരില്‍ ബിജെപി സംഘടിപ്പിച്ച സിഎഎ അനുകൂല റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിന് തുല്യമായ കാര്യങ്ങളാണ് നടക്കുന്നത്. ദ്രൗപദിയുടെ വസ്ത്രാക്ഷേപ സമയത്ത് ഭീഷ്മരും ദ്രോണാചാര്യരും അടക്കമുള്ളവര്‍ നോക്കി നിന്നു. ഇപ്പോള്‍ രാജ്യത്തിന്‍റെ വസ്ത്രാക്ഷേപമാണ് നടക്കുന്നത്. പ്രതിപക്ഷം എല്ലാം നോക്കി നില്‍ക്കുകയാണ്. പ്രതിഷേധക്കാര്‍ പൊതുമുതല്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്യുകയാണ്. സ്ത്രീകളെ രംഗത്തിറക്കി അന്തരീക്ഷം മോശമാക്കാന്‍ ശ്രമിക്കുന്നുവെന്നും ആദിത്യനാഥ് പറഞ്ഞു. ലഖ്നൗ ക്ലോക്ക് ടവറില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളെ ഉദ്ധരിച്ചായിരുന്നു യോഗിയുടെ പരാമര്‍ശം.
സിഎഎ നടപ്പാക്കിയ നരേന്ദ്ര മോദിക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയച്ച് പിന്തുണ പ്രഖ്യാപിക്കാനും യോഗി പ്രവര്‍ത്തകരോടാവശ്യപ്പെട്ടു. രാജ്യതാല്‍പര്യമാണ് നടപ്പാക്കിയതെന്ന് അദ്ദേഹത്തോട് പറയുക. ശ്രീരാമ തത്വങ്ങളാണ് നടപ്പാക്കുന്നതെന്നും നിങ്ങളുടെ അഭയകേന്ദ്രത്തില്‍ എത്തിയവരെയെല്ലാം സംരക്ഷിക്കുമെന്നും പ്രധാനമന്ത്രിയെ അറിയിക്കണമെന്നും യോഗി പ്രവര്‍ത്തകരോട് പറഞ്ഞു. വിവേചനമൊന്നുമില്ലാതെയാണ് മോദി പദ്ധതികള്‍ നടപ്പാക്കുന്നത്. പിന്നെയെങ്ങനെ അദ്ദേഹം ഒരു സമുദായത്തിന് എതിരാകുമെന്നും യോഗി ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam