ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമ നിര്‍മാണവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; പ്രീണനമെന്ന് ബിജെപി

By Web TeamFirst Published Aug 5, 2019, 8:19 PM IST
Highlights

ആള്‍ക്കൂട്ട ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നിയമനിര്‍മാണം.  
ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമം പാസാക്കിയതെന്ന് ബിജെപി കുറ്റപ്പെടുത്തി. 

ജയ്പൂര്‍: ആള്‍ക്കൂട്ട കൊലപാതകം തടയുന്നതിന് നിയമനിര്‍മാണവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. തിങ്കളാഴ്ച നിയമ മന്ത്രി ശാന്തി ധരിവാള്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു. ചര്‍ച്ചക്ക് ശേഷം ബില്‍ പാസാക്കി. ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് നിയമത്തില്‍ പറയുന്നത്. ജാമ്യമില്ലാ കുറ്റമായിട്ടാണ് വ്യവസ്ഥ ചെയ്തത്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമം പാസാക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍.  

പുതിയ നിയമപ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികളായവര്‍ക്ക് ജീവപര്യന്തം തടവും ഒന്നുമുതല്‍ അഞ്ച് ലക്ഷം വരെ പിഴയും ഒടുക്കണം. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇരക്ക് പരിക്കേറ്റെങ്കില്‍ പ്രതികള്‍ക്ക് 10 വര്‍ഷം തടവും 25000 രൂപ പിഴയും ഒടുക്കണം. നിയമ നടപടികള്‍ തടസ്സപ്പെടുത്തുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ.

ആള്‍ക്കൂട്ട ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നിയമനിര്‍മാണം. ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമം പാസാക്കിയതെന്ന് ബിജെപി കുറ്റപ്പെടുത്തി. 

click me!