
ജയ്‌പൂര്‍: വി.ഡി. സവര്‍ക്കറെ വീരസവര്‍ക്കര്‍ എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. വീരസവര്‍ക്കര്‍ എന്ന വിശേഷണം അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ സ്‌കൂള്‍ പാഠപുസ്‌തകങ്ങളില്‍ നിന്ന് നീക്കം ചെയ്‌തു. സംസ്ഥാനം മുമ്പ് ഭരിച്ചിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ പാഠപുസ്‌തകങ്ങളില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.
പന്ത്രണ്ടാം ക്ലാസ്സിലെ ചരിത്ര പുസ്‌തകത്തിലാണ് സവര്‍ക്കറെ കുറിച്ചുള്ള ഭാഗമുള്ളത്. സ്വാതന്ത്ര്യസമരസേനാനികള്‍ എന്ന തലക്കെട്ടിനു കീഴില്‍ വരുന്ന ഭാഗമാണിത്. ഇതിലാണ് പേരുള്‍പ്പടെ മാറ്റിക്കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ജയിലിലെ പീഡനം സഹിക്കവയ്യാതെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സവര്‍ക്കര്‍ ജയില്‍മോചിതനായത് എങ്ങനെ എന്നുള്ള വിശദീകരണമാണ് പുതുതായി പാഠ്യഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡമാന്‍ ജയിലില്‍ നിന്നുള്ള മോചനത്തിന് വേണ്ടി 1911ല്‍ നാല് മാപ്പപേക്ഷകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് സവര്‍ക്കര്‍ നല്‌കിയതായി പുസ്‌തകത്തില്‍ പറയുന്നു. വീര്‍ സവര്‍ക്കര്‍ എന്ന് അഭിസംബോധന ചെയ്‌തിരുന്നിടത്തെല്ലാം വി.ഡി.സവര്‍ക്കര്‍ എന്ന് മാത്രമാണ് ഇപ്പോഴുള്ളത്.
സവര്‍ക്കറെ വീര സ്വാതന്ത്ര്യസമരസേനാനിയായി വാഴ്‌ത്തിക്കൊണ്ടുള്ള എന്‍ഡിഎ സര്‍ക്കാര്‍ നടപടിയെ തിരുത്തിയിരിക്കുകയാണ് അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍. പന്ത്രണ്ടാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്‌കത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നോട്ട് നിരോധനത്തെ മഹത്തായ സംഭവമായി വിരിക്കുന്ന ഭാഗം പൂര്‍ണമായും ഒഴിവാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam