പുറത്തുള്ളവർക്ക് മതാചാരത്തെ പൊതു താത്പര്യഹർജിയിലൂടെ ചോദ്യം ചെയ്യാനാകില്ല. വിഷയം പഠിക്കാൻ സമിതി വേണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്തിനായി സ്റ്റാൻഡിം​ഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് വാദം സമർപ്പിച്ചത്. 

ദില്ലി: ശബരിമലയിൽ യുവതികളെ അനുവദിക്കണമോ എന്നതിൽ കൃതൃമായ നിലപാട് പറയാതെ സംസ്ഥാന സർക്കാർ. യുവതി പ്രവേശനത്തിന് അനൂകൂലമായി സ്വീകരിച്ച നയം വിഴുങ്ങി സംസ്ഥാനം പുതിയ സത്യവാങ്മൂലം നല്കി. യുവതിപ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സർക്കാർ നിർദ്ദേശിച്ചു. സുപ്രീംകോടതി വിധിയിൽ ഭക്തരായ സ്ത്രീകൾ തന്നെ എതിർപ്പുയർത്തിയെന്ന സൂചനയും സർക്കാർ സത്യവാങ്മൂലത്തിൽ നല്തി.

തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമലക്കേസിൽ നേരത്തെ സ്വീകരിച്ച നിലപാടിൽ നിന്ന് പിന്നോക്കം പോകുകയാണ് ഇടതുസർക്കാർ. പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം എന്ന നയത്തിന് വിഎസ് സർക്കാരും പിന്നീട് പിണറായി സർക്കാരും നല്കിയ ഊന്നൽ സർക്കാർ ഇക്കുറി ആവർത്തിക്കുന്നില്ല. 

ഭരണഘടന ബെഞ്ചിന്റെ മുന്നിൽ സമർപ്പിച്ച വാദങ്ങൾ ഇങ്ങനെ. വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതിയുടെ പരിശോധന ആവശ്യമാണെങ്കിൽ ആ വിഭാഗത്തിലെ മതപണ്ഡിതരുടെയും സാമൂഹിക പരിഷ്ക്കർത്താക്കളുടെയും അഭിപ്രായം തേടണം. ഇതിനായി സമിതി രൂപീകരിക്കണമെന്ന് സർക്കാർ വ്യക്തമാക്കുന്നത്. വിശാല കൂടിയാലോചന ഇല്ലാതെ കോടതികളും ആചാരങ്ങളിൽ ഇടപെടരുത്. യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള കോടതി വിധി വന്നപ്പോഴുണ്ടായ സാഹചര്യങ്ങളും ഇതിനോടുള്ള സ്ത്രീകളുടെ പ്രതികരണവും നിലപാട് മാറ്റുന്നതിന് കാരണമാണെന്ന സൂചന സർക്കാർ സത്യവാങ്മൂലത്തിൽ നൽകുന്നു. മതവിഭാഗങ്ങളുടെ ആചാരങ്ങളെ മതത്തിന് പുറത്തുള്ളവർ പൊതുതാൽപര്യഹർജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്ന് സംസ്ഥാനം വാദിക്കുന്നു.

ഹീനമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതിൽ മാത്രമേ ഇത്തരം ഇടപെടൽ അനുവദിക്കാവൂ എന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. അനുഛേദം 25 പ്രകാരമുള്ള മതസ്വാത്രന്ത്ര്യ അവകാശത്തിൽ മതാചാരങ്ങളും ഉൾപ്പെടും എന്നും സർക്കാർ പറയുന്നു. ഹിന്ദുവിഭാഗം എന്ന ഭരണഘടനാ പരാമർശത്തിൽ സ്ത്രീയും പുരുഷനും ഉൾപ്പെടുന്നു. എന്നാൽ തുല്യ അവകാശം എന്ന മുൻ സത്യവാങ് മൂലത്തിലെ ഖണ്ഡിക ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഇതാണ് ഇപ്പോഴത്തെയും നിലപാടെന്ന് സർക്കാർ പറയുന്നില്ല. ലിംഗസമത്വം ഉറപ്പാക്കണമെന്ന വിഎസ് -പിണറായി സർക്കാരുകളുടെ മുൻനിലപാടിൽ വെള്ളം ചേർത്ത് ആചാരങ്ങളിൽ കൂടിയാലോചന വേണമെന്ന സുരക്ഷിത നയത്തിലേക്കാണ് സർക്കാർ മലക്കം മറിഞ്ഞത്. സംസ്ഥാനത്തിനായി സ്റ്റാൻഡിം​ഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറാണ് വാദം സമർപ്പിച്ചത്.

Asianet News Live | Kerala Breaking News | Malayalam Live News | HD News Streaming