വിവാഹേതര ബന്ധങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കാനാകില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

By Web TeamFirst Published Mar 28, 2019, 8:25 PM IST
Highlights

വിവാഹേതര ബന്ധങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടികളെടുക്കാന്‍ നിയമമില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി. പൊലീസുകാരായ സ്ത്രീയും പുരുഷനും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന വിധി

ജയ്പൂര്‍: വിവാഹേതര ബന്ധങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടികളെടുക്കാന്‍ നിയമമില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി. പൊലീസുകാരായ സ്ത്രീയും പുരുഷനും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന വിധി. 1999ല്‍ അവിഹിത ബന്ധത്തിന്‍റെ പേരില്‍ നടപടി നേരിട്ടവരാണ് ഇരുവരും. 1971ലെ സിവില്‍ സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നായിരുന്നു ഇവര്‍ക്കെതിരായ ആരോപണം.

ഇത്തരത്തിലുള്ള വിവാഹേതര ബന്ധങ്ങളടക്കമുള്ള കേസുകളില്‍ ഡിപ്പാര്‍ട്ട്മെന്‍റ് നടപടികളെടുക്കാന്‍ വകുപ്പില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം ബാധിക്കപ്പെട്ടവര്‍ക്ക് ഡിവോഴ്സടക്കമുള്ള നിയമ നടപടികളിലേക്ക് കടക്കുന്നതില്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കി. എന്താണ് അനാശാസ്യമെന്നത് ഇന്നും തര്‍ക്കവിഷയമാണ്. ഹിന്ദു ഐതിഹ്യ പ്രകാരം ഗണപതിയും റിദ്ധിയും സിദ്ധിയും ജീവിത പങ്കാളികളാണ്. കൃഷ്ണന് 16000 റാണിമാരുണ്ടെന്നും ഐതിഹ്യം പറയുന്നു. എന്നാല്‍ ഇതെല്ലാം മിത്തുകള്‍ മാത്രമാണ്. 

വിവാതേര ബന്ധങ്ങള്‍ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതാണ്. തൊഴിലുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും സുപ്രിംകോടതിയുടെ വിവിധ വിധികളെ ഉദ്ധരിച്ച് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മ വ്യക്തമാക്കി. അടുത്തിടെ വിവാഹേതര ബന്ധം ആരോപിച്ച് ഐപിഎസ് ഓഫീസര്‍ പങ്കജ് ചൗധരിയെ രാജസ്ഥാന്‍ ഗവണ്‍മെന്‍റ് പിരിച്ചുവിട്ടിരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിധി. പുറത്താക്കപ്പെട്ട പങ്കജ് ലോക്സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.
 

click me!