രാഷ്ട്രീയ നാടകം അവസാനിക്കാതെ രാജസ്ഥാന്‍; അടിയന്തര നിയമസഭ സമ്മേളന നിര്‍ദേശം തള്ളി ഗവര്‍ണര്‍

By Web TeamFirst Published Jul 27, 2020, 9:50 PM IST
Highlights

അതിനിടെ വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് ഹൈക്കോടതി വിലക്കിയതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി സ്പീക്കര്‍ പിന്‍വലിച്ചു.
 

ജയ്പൂര്‍: രാജസ്ഥാനില്‍ അടിയന്തര നിയമസഭ സമ്മേളനത്തിനുള്ള നിര്‍ദേശം തള്ളി ഗവര്‍ണര്‍. ഇരുപത്തിയൊന്ന് ദിവസത്തെ നോട്ടീസ് നല്‍കി സമ്മേളനം വിളിക്കാമെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചു. വെള്ളിയാഴ്ച നിയമസഭ വിളിക്കാം എന്ന ശുപാര്‍ശ മൂന്ന് ഉപാധി മുന്നോട്ടു വച്ചാണ് ഗവര്‍ണര്‍ തിരിച്ചയച്ചത്. 21 ദിവസത്തെ നോട്ടീസ് നല്‍കുക, കൊവിഡ് മാനദണ്ഡം പാലിക്കണം, വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ തത്സമയ സംപ്രേക്ഷണം വേണം എന്നിവയാണ് ഗവര്‍ണര്‍ മുന്നോട്ടുവെച്ച ഉപാധികള്‍. ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. 

അതിനിടെ വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് ഹൈക്കോടതി വിലക്കിയതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി സ്പീക്കര്‍ പിന്‍വലിച്ചു. സുപ്രീംകോടതിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ രാജസ്ഥാന്‍ സ്പീക്കര്‍ക്ക് രാവിലെ അനുവാദം നല്‍കി. രാജസ്ഥാന്‍ ഹൈക്കോടതി വെള്ളിയാഴ്ച നല്‍കിയ 32 പേജുള്ള ഉത്തരവ് പഠിച്ച് അടുത്ത നീക്കം തീരുമാനിക്കുമെന്ന് കപില്‍ സിബല്‍ സ്പീക്കര്‍ക്കു വേണ്ടി കോടതിയെ അറിയിച്ചു. എംഎല്‍എമാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ കോടതി തീരുമാനിച്ച കൂടി സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം. 

ഗവര്‍ണര്‍റുടെ നിലപാടിലെ അതൃപ്തി അറിയിക്കാന്‍ ഇന്നലെ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചു. ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരെ ബിജെപി എംഎല്‍എ നല്കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി തള്ളയത് മുഖ്യമന്ത്രിക്ക്് ആശ്വാസമായി. എന്നാല്‍ സഭ ചേരാന്‍ മൂന്നാഴ്ച നല്‍കിയാല്‍ അട്ടിമറി നീക്കം തടയാനാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
 

click me!