എംഎൽഎമാരെ സ്വതന്ത്രരാക്കണം, രാജസ്ഥാനിൽ  ഗെലോട്ടിന് കത്ത് നൽകി ഗവർണർ

By Web TeamFirst Published Jul 25, 2020, 9:12 AM IST
Highlights

അശോക് ഗെലോട്ടിനു ഒപ്പമുള്ള എംഎൽഎമാർ ഇന്നലെ രാജ്ഭവനിൽ കുത്തിയിരുന്ന് മുദ്രവാക്യം വിളിച്ചിരുന്നു. ഇതിൽ ഗെലോട്ടിന് എതിരെ ഗവർണ്ണർ കൽരാജ് മിശ്ര രംഗത്ത് വന്നു

ജയ്പൂർ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനിൽ നിലപാട് കടുപ്പിച്ച് ഗവർണറും. എംഎൽഎമാരെ അടച്ചിടരുതെന്നാവശ്യപ്പെട്ട് ഗവർണർ കൽരാജ് മിശ്ര മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നല്കി. ജനങ്ങൾ തിരഞ്ഞെടുത്ത എംഎൽഎമാരെ സ്വതന്ത്രരാക്കാൻ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അശോക് ഗെലോട്ടിനു ഒപ്പമുള്ള എംഎൽഎമാർ ഇന്നലെ രാജ്ഭവനിൽ കുത്തിയിരുന്ന് മുദ്രവാക്യം വിളിച്ചിരുന്നു. ഇതിൽ ഗെലോട്ടിന് എതിരെയും ഗവർണ്ണർ രംഗത്ത് വന്നു. രാജ്ഭവൻ ഘെരാവോ ചെയ്യുമെന്ന പരാമർശം നിർഭാഗ്യകരമെന്നും എംഎൽഎമാരെ ധർണ്ണയ്ക്ക് പ്രേരിപ്പിച്ചത് തെറ്റെന്നും ഗെലോട്ടിനു അയച്ച കത്തിൽ ഗവർണർ വ്യക്തമാക്കി. നിലവിൽ തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസ്, റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. 

ഇന്നലെ രാത്രി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം, സഭാസമ്മേളനത്തിന് ഉള്ള ശുപാർശ വീണ്ടും ഗവർണർക്ക്  നൽകി. സഭാ സമ്മേളനം വിളിക്കണമെന്ന് നേരത്തെയും മുഖ്യമന്ത്രി ഗെലോട്ട് ഗവർണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരേയും ഗവർണർ തീരുമാനമെടുത്തിട്ടില്ല. സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന വ്യക്തമായെന്നും നിയമസഭ സമ്മേളനം വിളിക്കാൻ ഗവർണർ തയ്യാറാകണം എന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ഗവർണർ ഉടൻ തീരുമാനം എടുത്തില്ല എങ്കിൽ നിയമ നടപടിയും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. സർക്കാരിനെ താഴെയിറക്കാൻ ഉള്ള നീക്കങ്ങൾക്ക് എതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം നൽകിയിട്ടുണ്ട്.  ജനാധിപത്യത്തെ തകർക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധമെന്ന് വ്യക്തമാക്കിയ കോൺഗ്രസ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. 

200 അംഗ രാജസ്ഥാൻ നിയമസഭയിൽ ഭൂരിപക്ഷത്തിന് 101 പേരുടെ പിന്തുണയാണ് ആവശ്യമുള്ളത്. 100 എംഎൽഎമാരുടെ പിന്തുണ തനിക്കൊപ്പമുണ്ടെന്നാണ് ഗെലോട്ടിന്റെ അവകാശവാദം. കോൺഗ്രസിനുള്ളിലെ അധികാര തർക്കത്തിൽ ഇടഞ്ഞ സച്ചിൻ പൈലറ്റ് 30 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്നു.  പ്രതിപക്ഷമായ ബിജെപിക്ക് മാത്രം 72 സീറ്റുകളാണുള്ളത്. ചെറുപാർട്ടികളും സ്വതന്ത്രരുടേയും നിലപാടും  നിർണായകമാകും. 

click me!