
ബാലാകോട്ട്: പാകിസ്ഥാനിലെ ഭീകരക്യാംപിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തിൽ വിശദീകരണം തേടിയ കോൺഗ്രസ് നീക്കത്തെ അപലപിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് ചോദ്യമുന്നയിക്കുന്നവർ പാകിസ്ഥാനിലേക്ക് പോയി മരിച്ചവരുടെ കണക്ക് എടുക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ''ആക്രമണം നടന്ന സ്ഥലം സന്ദർശിച്ച് അവിടെ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാൻ പൈലറ്റുമാർക്ക് സാധിക്കുമോ? എന്ത് നാടകമാണ് ഇവിടെ നടക്കുന്നത്? കോൺഗ്രസിലെ എന്റെ സുഹൃത്തുക്കൾക്ക് കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കൃത്യമായി അറിയണമെന്ന് നിർബന്ധമാണെങ്കിൽ പാകിസ്ഥാനിൽ പോയി പരിശോധിക്കാം.'' ആസ്സാമിലെ ദുബ്രിയിൽ പൊതുപരിപാടിയിൽ പ്രസംഗിക്കവേ രാജ്നാഥ് സിംഗ് പറഞ്ഞു.
ബിജെപി ബാലാകോട്ട് ആക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തിൽ രാഷ്ട്രീയനേതാക്കളും അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബാലാകോട്ടിൽ ആക്രമണം നടക്കുന്ന ദിവസം മുന്നൂറ് മൊബൈൽ ഫോണുകൾ സജീവമായിരുന്നു എന്ന എൻടിആർഒ റിപ്പോർട്ടിനെയും സിംഗ് പരാമർശിച്ചു.
വ്യക്തമായ ധാരണയോടെയാണ് അവർ റിപ്പോർട്ട് സമർപ്പിച്ചത്. അവിടെയുണ്ടായിരുന്ന മരങ്ങളാണോ മൊബൈൽ ഫോൺ ഉപയോഗിച്ചതെന്നും രാജ്നാഥ് സിംഗ് ചോദിച്ചു. മുന്നൂറിനടുത്ത് ഭീകരർ കൊല്ലപ്പെട്ടു എന്നായിരുന്നു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്. എന്നാൽ 250 ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam