
ദില്ലി: അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനിൽക്കേ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യാമസേനാ മേധാവി ചീഫ് മാർഷൽ ബി.ആർ.ചൗധരി എന്നിവരുടെ യോഗമാണ് രാജ്‍നാഥ് സിംഗ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‍നാഥ് സിംഗിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്‍നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്.
അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങാനാണ് കേന്ദ്ര സർക്കാർ സേനാ വിഭാഗങ്ങൾക്ക് നിർദേശം നൽകിയിരുന്നത്. ഇതനുസരിച്ച് കര, വ്യോമ സേനകൾ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാവികസേനയിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചിരുന്നു. അതേസമയം പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ. ജെഡിയു ഉൾപ്പെടെയുള്ള സഖ്യ കക്ഷികളും അഗ്നിപഥിനെതിരെ സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. പദ്ധതി അവതരിപ്പിച്ച രീതി ശരിയായില്ലെന്ന വിലയിരുത്തലാണ് ആർഎസ്എസിനുമുള്ളത്.
അഗ്നിപഥ് പ്രതിഷേധം: സൈനിക പരീക്ഷ പരിശീലന കേന്ദ്രങ്ങൾ നോട്ടപ്പുള്ളികൾ; ബിഹാറിൽ കേസ്
പദ്ധതിക്കെതിരായ പ്രതിഷേധവും രാജ്യമെങ്ങും തുടരുകയാണ്. അഗ്നിപഥ് സംഘർഷവുമായി ബന്ധപ്പെട്ട് ബീഹാറിൽ രണ്ട് സൈനിക പരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്കെതിരെ കേസെടുത്തു. മുസോഡിയിലെ റെയിൽവേ സ്റ്റേഷൻ കത്തിക്കലുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബീഹാറിൽ ഇതുവരെ അറസ്റ്റിലായത് 718 പേരാണ്.
അഗ്നിപഥ് പദ്ധതി പിൻവലിക്കും വരെ ബീഹാറിൽ പ്രക്ഷോഭം തുടരുമെന്ന് ആർജെഡി ദേശീയ വക്താവ് മൃത്യുഞ്ജയ് തിവാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രക്ഷോഭം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയെന്ന് ആരോപിക്കുന്ന ബിജെപി തൊഴിൽ ഇല്ലാത്ത യുവാക്കളെ അപമാനിക്കുകയാണ്. സമാധാനപരമായ സമരത്തിലേക്ക് ഉദ്യോഗാർത്ഥികൾ മാറണമെന്നാണ് ആദ്യർത്ഥനയെന്നും മൃത്യുഞ്ജയ് തിവാരി പറഞ്ഞു.
ഇതിനിടെ, അഗ്നിപഥ് പദ്ധതി വഴി സായുധ സേനയിൽ ചേരുന്നവർക്കായി ആയുധ ഫാക്ടറികളിലും 10 ശതമാനം സംവരണം നൽകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 41 ആയുധ ഫാക്ടറികളിലെ 10 ശതമാനം ഒഴിവുകൾ നീക്കിവയ്ക്കും. പ്രതിരോധ മന്ത്രാലയത്തിലെ പത്തു ശതമാനം ഒഴിവുകൾ അഗ്നിപഥ് പദ്ധതി വഴി വരുന്നവർക്ക് ലഭിക്കും. തീരസംരക്ഷണ സേനയിലും, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിക്ക് സാധ്യതയുണ്ടാകും. വ്യോമസേനാമന്ത്രാലയവും 'അഗ്നിവീറു'കൾക്ക് സംവരണം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam