രാജ്യസഭയും കടന്ന് കാർഷിക ബില്ലുകൾ; നാടകീയ രംഗങ്ങള്‍ക്കിടെ രണ്ട് ബില്ലുകളും ശബ്ദവോട്ടോടെ പാസാക്കി

By Web TeamFirst Published Sep 20, 2020, 2:19 PM IST
Highlights

ആദ്യ സർക്കാരിന്‍റെ കാലത്ത് ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ബില്ലിൽ രാജ്യസഭയിൽ വീണ നരേന്ദ്രമോദിക്ക് ഈ ബില്ലുകൾ പാസാക്കാനാകുന്നത് രാഷ്ട്രീയ വിജയമാണ്. 

ദില്ലി: രാജ്യസഭയിലെ നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ വിവാദമായ കാർഷിക പരിഷ്ക്കാര ബില്ലുകൾ പാസാക്കി. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷിമന്ത്രി പാർലമെന്‍റി ഉറപ്പ് നല്‍കി. കർഷകരുടെ മരണവാറണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിർത്തു.

രാജ്യസഭയിൽ സർക്കാരിന് കാര്യമായി വിയർക്കേണ്ടി വന്നില്ല. മന്ത്രിസഭ വിട്ട ശിരോമണി അകാലിദൾ ഒഴികെ എൻഡിഎയിലെ എല്ലാ പാർട്ടികളും സർക്കാരിനൊപ്പം നിന്നു. അണ്ണാ ഡിഎംകെയും ബിജുജനതാദളും ചില വ്യവസ്ഥകളിൽ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ബില്ല് പാസാക്കാൻ സഹായിച്ചു. കർഷകരെ വിപണിയുടെ കയറ്റിറക്കങ്ങൾക്ക് വിട്ടുകൊടുക്കുന്നു എന്ന ആരോപണം കൃഷിമന്ത്രി തള്ളി. ബില്ല് കർഷകരുടെ മരണവാണ്ടെന്നാണ് കോൺഗ്രസ് എംപി പ്രതാപ്സിംഗ് ബാജ്വ ആരോപിച്ചത്. കോറപ്പറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെകെ രാഗേഷും വാദിച്ചു.

ആദ്യ സർക്കാരിന്‍റെ കാലത്ത് ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ബില്ലിൽ രാജ്യസഭയിൽ വീണ നരേന്ദ്രമോദിക്ക് ഈ ബില്ലുകൾ പാസാക്കാനാകുന്നത് രാഷ്ട്രീയ വിജയമാണ്. സഖ്യകക്ഷികൾ എതിർത്താലും  പരിഷ്ക്കാര നടപടികളുമായി മുന്നോട്ട് പോകും എന്ന സന്ദേശമാണ് കേന്ദ്രം നല്കുന്നത്. ഭാരത് ബന്തിന് കർഷകസംഘടനകൾ ആഹ്വാനം നല്‍കിയിരിക്കുമ്പോഴാണ് കാർഷിക ബില്ലുകൾ രാജ്യസഭയും കടക്കുന്നത്. ഇപ്പോൾ ചില സംസ്ഥാനങ്ങളിൽ ഒതുങ്ങി നില്ക്കുന്ന കർഷക പ്രക്ഷോഭങ്ങൾ ശക്തിപ്പെടാൻ ഈ ബില്ലുകൾ ഇടയാക്കും.

click me!