
പട്ന: വറ്റി വരണ്ടു കിടന്ന ഗ്രാമത്തിലേക്ക് മുപ്പത് വര്‍ഷം കൊണ്ട് കനാല്‍ നിര്‍മ്മിച്ച കർഷകന് ട്രാക്ടർ സമ്മാനമായി നൽകി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാന്‍ ആനന്ദ് മഹീന്ദ്ര. ബീഹാറിലെ കോതിലാവ സ്വദേശിയായ ലോംഗി ഭുയനാണ് ട്രാക്ടർ സമ്മാനമായി ലഭിച്ചത്. മൂന്ന് കിലോമീറ്റർ നീളമുള്ള കനാൽ സ്വയം തീർത്ത ലോംഗിയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന് ട്രാക്ടർ സമ്മാനിച്ചത്.
കാലികളെ മേയാന്‍ വിട്ട ശേഷമുള്ള സമയത്തായിരുന്നു മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍ ലോംഗി നിര്‍മ്മിച്ചത്. വെള്ളത്തിന്റെ അപര്യാപ്തത മൂലം ഉപജീവനത്തിനായി ഗ്രാമവാസികളിൽ പലരും നഗരങ്ങളിലേക്ക് പോയപ്പോഴും ലോംഗി മാത്രം ഗ്രാമത്തിൽ തങ്ങുകയായിരുന്നു.
യന്ത്ര സംവിധാനങ്ങളൊന്നും കൂടാതെ കൈക്കോട്ട് ഉപയോഗിച്ചായിരുന്നു ലോംഗി ഈ കനാല്‍ നിര്‍മ്മിച്ചത്. കടുത്ത വേനലില്‍ കാലികളെ തീറ്റിക്കാനായി ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയുള്ള കുന്നുകളിലാണ് ലോംഗി പോയിരുന്നത്. കാലികളെ മേയാന്‍ വിട്ട ശേഷമുള്ള സമയത്ത് കനാൽ നിര്‍മ്മിക്കുകയും ചെയ്തു.
Read Also: 30 വര്‍ഷത്തെ ഒറ്റയാള്‍ പോരാട്ടം, മൂന്ന് കിലോമീറ്റര്‍ നീളമുള്ള കനാല്‍; പരിഹാസം പ്രശംസയിലേക്ക് മാറിയത് ഇങ്ങനെ
ഗയയിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള ഈ ഗ്രാമത്തിലെ ആളുകളെ മാവോയിസ്റ്റുകളെ സഹായിക്കുന്നവരായാണ് കണക്ക് കൂട്ടിയിരുന്നത്. കൃഷിയും കാലിവളര്‍ത്തലുമാണ് ഗ്രാമീണരുടെ ജീവനോപാധി. മഴക്കാലത്ത്, പർവതങ്ങളിൽ നിന്ന് നദിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന അദ്ദേഹത്തിന്റെ ചിന്തയാണ് കനാൽ നിർമാണത്തിലേക്ക് എത്തിച്ചത്. കനാല്‍ പണി പൂര്‍ത്തിയായി ഗ്രാമത്തില്‍ വെള്ളമെത്തിയതിന് പിന്നാലെ ലോംഗിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായ ആനന്ദ് മഹീന്ദ്ര ലോംഗിയെ കുറിച്ച് ഒരു ട്വീറ്റ് കണ്ടുവെന്നും അദ്ദേഹത്തിന് ഒരു ട്രാക്ടർ നൽകാൻ തീരുമാനിച്ചതായും മേഖലയിലെ മഹീന്ദ്ര ഡീലർ സിദ്ധിനാഥ് വിശ്വകർമ പറഞ്ഞു. രോഹിൻ കുമാർ എന്ന മാധ്യമപ്രവർത്തകൻ സെപ്റ്റംബർ 18ന് ലോംഗിയുടെ കഥ ട്വീറ്റ് ചെയ്യുകയും ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്യുകയും ചെയ്തു. ട്വീറ്റ് റീട്വീറ്റ് ചെയ്ത ആനന്ദ് മഹീന്ദ്ര കർഷകന് ഒരു ട്രാക്ടർ സമ്മാനമായി നൽകി ആദരിക്കുമെന്നും അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam