
ദില്ലി: രാജ്യസഭ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഗുലാം നബി ആസാദിന് കോൺഗ്രസ് സീറ്റ് നൽകിയേക്കുമെന്ന് വിവരം. സീറ്റിനായി രംഗത്തുള്ള ആനന്ദ് ശർമ്മ, മുകുൾ വാസ്നിക് തുടങ്ങിയവരെ പരിഗണിച്ചേക്കില്ല. കപിൽ സിബൽ കോൺഗ്രസ് വിട്ടതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. യുപിയിൽ നിന്ന് സമാജ്‌വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ് കപിൽ സിബൽ.
പി ചിദംബരം, ജയ്റാം രമേശ്, ജിതേന്ദ്ര സിംഗ്, അജയ് മാക്കൻ എന്നിവർക്കും രാജ്യസഭാ സീറ്റ് നൽകിയേക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കൂടുതൽ പ്രശ്നങ്ങൾ കോൺഗ്രസിൽ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. നിയമസഭാ - ലോക്സഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ ഉദയ്പൂരിൽ നടത്തിയ ചിന്തൻ ശിബിറിന്റെ (Chintan Shivir) അലയൊലികൾ അടങ്ങും മുമ്പേ അഞ്ച് മുൻനിര നേതാക്കളാണ് പാർട്ടിവിട്ടത്. ഗുജറാത്തിൽ കോൺഗ്രസിന് ഏറെ ഗുണം ചെയ്യുമെന്ന് കരുതിയ പാട്ടീദാർ നേതാവ് ഹർദിക് പട്ടേൽ (Hardik Patel) , മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ (Kapil Sibal)തുടങ്ങിയ വമ്പന്മാരുടെ കൊഴിഞ്ഞുപോക്ക് പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കും എന്നതിൽ സംശയമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam