'രാജ്യസഭാ സീറ്റ് എവിടെ? സോണിയാജി പറയണം', പ്രതിഷേധവുമായി നഗ്മയും പവൻ ഖേരയും

Published : May 30, 2022, 10:05 AM ISTUpdated : May 30, 2022, 10:22 AM IST
'രാജ്യസഭാ സീറ്റ് എവിടെ? സോണിയാജി പറയണം', പ്രതിഷേധവുമായി നഗ്മയും പവൻ ഖേരയും

Synopsis

''2003-04 വർഷത്തിൽ ഞാൻ കോൺഗ്രസിൽ ചേർന്നപ്പോൾ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വർഷങ്ങളുൾപ്പടെ, ഇപ്പോൾ 18 വർഷമായി'', നഗ്മ ചോദിക്കുന്നു. 

മുംബൈ: രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ. കോൺഗ്രസിൽ ചേർന്നപ്പോൾ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന് നഗ്മ പറയുന്നു. തനിക്കെന്ത് കൊണ്ട് അർഹതയില്ലെന്നും, കാത്തിരിക്കാൻ തുടങ്ങിയിട്ട് 18 വർഷമായെന്നും നഗ്മ തുറന്നടിക്കുന്നു. രാജ്യസഭ സീറ്റ് കിട്ടാത്തതിൽ മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും പ്രതിഷേധം അറിയിച്ചിരുന്നു. 

''2003-04 വർഷത്തിൽ ഞാൻ കോൺഗ്രസിൽ ചേർന്നപ്പോൾ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വർഷങ്ങളുൾപ്പടെ, ഇപ്പോൾ 18 വർഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?'', നഗ്മ പുറത്തുവിട്ട ട്വീറ്റിൽ ചോദിക്കുന്നു. 

പത്ത് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇന്നലെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദിനും, ആനന്ദ് ശർമ്മക്കും സീറ്റില്ല. എന്നാൽ മറ്റൊരു നേതാവായ മുകുൾ വാസ്നിക്കിന് രാജസ്ഥാനിൽ നിന്ന് സീറ്റ് നൽകിയിട്ടുണ്ട്. പി ചിദംബരം തമിഴ്നാട്ടിൽ നിന്നും, ജയ്റാം രമേശ് കർണ്ണാടകത്തിൽ നിന്നും രാജ്യസഭയിലെത്തും. രൺദീപ് സിംഗ് സുർ ജേവാല, രാജീവ് ശുക്ല തുടങ്ങിയ വിശ്വസ്തർക്കും നേതൃത്വം സീറ്റ് നൽകിയിട്ടുണ്ട്. അജയ് മാക്കൻ, രൺജീത് രഞ്ജൻ, വിവേക് തൻഖാ, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർക്കും സീറ്റ് നൽകിയിട്ടുണ്ട്.

Read More: ബിജെപി ആദ്യഘട്ടസ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു, അൽഫോൺസ് കണ്ണന്താനത്തിന് സീറ്റില്ല

ഇതിൽ ഉത്തർപ്രദേശിൽ നിന്നുള്ള നേതാവായ ഇമ്രാൻ പ്രതാപ് ഗഡിയുടെ സീറ്റിലാണ് നഗ്മയുടെ പ്രതിഷേധം. മഹാരാഷ്ട്രയിൽ നിന്നാണ് ഇമ്രാന് സീറ്റ് നൽകിയിരിക്കുന്നത്. 'എന്‍റെ തപസ്യയിൽ എന്തെങ്കിലും കുറവുണ്ടായിരുന്നിരിക്കണം', എന്ന് പ്രതിഷേധക്കുറിപ്പ് ട്വിറ്ററിലെഴുതിയ പവൻ ഖേരയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് നഗ്മ ഇങ്ങനെ എഴുതി. 'എന്‍റെ 18 വർഷത്തെ തപസ്യ ഇമ്രാൻ ഭായ്ക്ക് മുന്നിൽ തകർന്ന് വീണു'. 

അതേസമയം, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ പിന്നാക്കവിഭാഗങ്ങളെ തഴഞ്ഞതിലും, സംസ്ഥാനനേതാക്കളെ പരിഗണിക്കാതിരുന്നതിൽ രാജസ്ഥാൻ ഘടകത്തിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പുറത്ത് നിന്നുള്ള നേതാക്കളെ പരിഗണിച്ചതിൽ അതൃപ്തി രാജസ്ഥാൻ ഘടകം നേരിട്ടറിയിച്ചു കഴിഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്ന് തന്നെയാണ് ഇവരുടെ ആവശ്യം. സംസ്ഥാന നേതാക്കളെ പരിഗണിച്ചില്ലെങ്കിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. 

അതേസമയം, സ്ഥാനാർത്ഥി പട്ടികയിൽ എത്ര പിന്നാക്കക്കാരുണ്ടെന്ന ചോദ്യവുമായി ഗുജറാത്തിന്‍റെ ചുമതലയുള്ള ജിതേന്ദ്ര ഭാഗേൽ രംഗത്തെത്തിയതും ശ്രദ്ധേയമായി. ഇതിനെല്ലാമിടയിൽ രാജ്യസഭാ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധമറിയിച്ചുള്ള തന്‍റെ നിലപാട് പവൻ ഖേര തിരുത്തി. പാർട്ടി തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് പവൻ ഖേര പറയുന്നു. അക്കാര്യത്തിൽ തർക്കമില്ലെന്നും പവൻ ഖേര ഇപ്പോൾ വ്യക്തമാക്കുന്നു.

അതേസമയം, ജാര്‍ഖണ്ഡ് രാജ്യസഭ  സീറ്റ്  ജെഎംഎം ഏറ്റെടുത്താല്‍ സഖ്യം ഉപേക്ഷിക്കുമെന്ന ഭീഷണിയുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന ഘടകത്തിന്‍റെ അതൃപ്തി മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ സോണിയ ഗാന്ധി അറിയിച്ചു. തര്‍ക്കം രൂക്ഷമായതിനാല്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആവശ്യം സോണിയ ഗാന്ധി മുന്‍പോട്ട് വച്ചെങ്കിലും സോറന്‍ പ്രതികരിച്ചിട്ടില്ല.

Read More: വിമതരെ വെട്ടി, കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥിപ്പട്ടിക ഇങ്ങനെ

57 സീറ്റുകളിലേക്ക് അടുത്ത പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് പത്ത് സീറ്റിലെങ്കിലും ജയിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. 

പരിഹസിച്ച് ബിജെപി

അതേസമയം, കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി നിർണ്ണയത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ''ചിന്തൻ ശിബിരം കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. ചിന്തൻ ശിബിരം നടന്ന രാജസ്ഥാനിലെ നേതാക്കളെ പോലും പരിഗണിച്ചില്ല. മഹാരാഷ്ട്ര, ഛത്തീസ്‍ഗഢ് ഘടകങ്ങളെയും തഴഞ്ഞു'', സ്തുതിപാഠകർക്കപ്പുറം ഗാന്ധി കുടുംബത്തിന് മറ്റൊന്നുമില്ലെന്ന് ദേശീയ നിർവഹാക സമിതിയംഗം അമിത് മാളവ്യ പരിഹസിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോൺഗ്രസ് പ്രവർത്തകനായ തൊഴിലാളി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി; എഎപി നേതാവടക്കം പ്രതിസ്ഥാനത്ത്: രാഷ്ട്രീയ കൊലപാതകമെന്ന് പഞ്ചാബ് പൊലീസ്
നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങി കോണ്‍ഗ്രസ്; സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി, കേരളത്തിൽ മധുസൂദൻ മിസ്ത്രി ചെയര്‍മാൻ