രാമക്ഷേത്രം: രണ്ടുവർഷത്തിനിടെ ട്രസ്റ്റ് ചെലവഴിച്ചത് 124 കോടിയിലേറെ രൂപ, അന്വേഷണവുമായി എസ്ഐടി; കിലോക്കണക്കിന് സ്വർണവും പരിശോധിക്കുന്നു

Published : Jul 07, 2026, 10:50 AM IST
ram temple ayodhya

Synopsis

വിവിധ ചടങ്ങുകൾക്കായി രണ്ടുവർഷത്തിനിടെ രാമക്ഷേത്ര ട്രസ്റ്റ് 124 കോടിയിലേറെ രൂപ ചെലവഴിച്ചതടക്കമുള്ള കാര്യങ്ങളാണ് എസ്ഐടി വിശദമായി അന്വേഷിക്കുന്നത്. രണ്ടുവർഷത്തെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നു. 

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ അന്വേഷണം വിപുലമാക്കി പ്രത്യേക അന്വേഷണസംഘം(എസ്ഐടി). വിവിധ ചടങ്ങുകൾക്കായി രണ്ടുവർഷത്തിനിടെ രാമക്ഷേത്ര ട്രസ്റ്റ് 124 കോടിയിലേറെ രൂപ ചെലവഴിച്ചതടക്കമുള്ള കാര്യങ്ങളാണ് എസ്ഐടി വിശദമായി അന്വേഷിക്കുന്നത്. ഇതിന്റെ ഭാ​ഗമായി ട്രസ്റ്റിന്റെ കഴിഞ്ഞ രണ്ടുവർഷത്തെ സാമ്പത്തിക ഇടപാടുകളെല്ലാം അന്വേഷണസംഘം പരിശോധിച്ചുവരികയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2024-ലെ രാംലല്ല പ്രാണപ്രതിഷ്ഠ ചടങ്ങിനും 2025-ലെ മഹാകുംഭമേളയോട് അനുബന്ധിച്ചും കോടിക്കണക്കിന് രൂപയാണ് ട്രസ്റ്റ് ചെലവഴിച്ചതെന്നാണ് കണ്ടെത്തൽ. പ്രാണപ്രതിഷ്ഠ ചടങ്ങിന് മാത്രം ഏകദേശം 113 കോടിയോളം രൂപ ചെലവായെന്നാണ് കണക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 8000-ഓളം അതിഥികൾ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. പ്രാണപ്രതിഷ്ഠ ചടങ്ങിന് വരുന്നവർക്കായി ടെന്റ് സൗകര്യം തയ്യാറാക്കുന്നതിനായി മാത്രം 35.97 കോടി രൂപ ചെലവായെന്നാണ് രേഖകളിലുള്ളത്. അക്ഷത് പൂജ ക്യാമ്പയിനായി 30.85 കോടി, പരസ്യത്തിനും പ്രചാരണത്തിനുമായി 21.77 കോടി, അലങ്കാരത്തിനും വെളിച്ചസംവിധാനങ്ങൾക്കും 14.62 കോടി, ഭക്ഷണം ഉൾപ്പെടെയുള്ള മറ്റുചെലവുകൾക്ക് 5.11 കോടി, പൂജാ ചടങ്ങുകൾക്ക് 1.06 കോടി, സം​ഗീതസംവിധാനങ്ങൾക്ക് 93 ലക്ഷം, ശബ്ദസംവിധാനത്തിന് 68 ലക്ഷം, വൈദ്യുതിക്കായി 43 ലക്ഷം എന്നിങ്ങനെയാണ് മറ്റുചെലവുകൾ. ഇതുൾപ്പെടെ രണ്ടുവർഷത്തിനിടെ ക്ഷേത്രത്തിൽ നടന്ന വിവിധ ചടങ്ങുകൾക്ക് ചെലവായ തുക സംബന്ധിച്ച് എസ്ഐടി വിശദമായ പരിശോധന നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ബില്ലുകളും വൗച്ചറുകളുമെല്ലാം അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

കഴിഞ്ഞവർഷങ്ങളിൽ ക്ഷേത്രത്തിലേക്ക് കാണിക്കയായി ലഭിച്ച സ്വർണം, വെള്ളി ആഭരണങ്ങളുടെ കണക്കെടുപ്പും എസ്ഐടി ആരംഭിച്ചിട്ടുണ്ട്. 2024 നവംബർ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ 2.3 കിലോ സ്വർണവും 83.3 കിലോ വെള്ളിയും ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ചെന്നാണ് ട്രസ്റ്റിന്റെ രേഖകളിലുള്ളത്. മഹാകുംഭമേള സമയത്ത് 1.5 കിലോ സ്വർണവും 28 കിലോ വെള്ളിയും ലഭിച്ചതായും കണക്കുകളിലുണ്ട്. ഈ സംഭാവനകളും ഇതിന്റെ നിലവിലെ സ്ഥിതിയും സൂക്ഷിച്ചിരിക്കുന്ന സംവിധാനവുമെല്ലാം എസ്ഐടിയുടെ അന്വേഷണപരിധിയിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആൾട്ടോ കാറിൽ ഓവർടേക്ക് ചെയ്തു, എക്സ്പ്രസ്വേയിൽ കാർ യാത്രികരായ കുടുംബത്തെ തല്ലിച്ചതച്ച് യുവാക്കളുടെ സംഘം
'വിജയിയെ തടയണം, സാക്ഷികളെ സ്വാധീനിക്കും'; കരൂർ ദുരന്തത്തിൽ ഹർജിയുമായി ഡിഎംകെ നേതാവ്, അടിയന്തരമായി വാദം കേൾക്കാൻ സുപ്രീംകോടതി