
ദില്ലി: ജമ്മു കശ്മീരിലെ റംബാനിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ദില്ലി ഐഐടിയിലെ പ്രൊഫസർ ജെ.ടി.സാഹുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് നിയോഗിച്ചത്. അപകടത്തിനിടയാക്കിയ കാരണങ്ങളും സാഹചര്യങ്ങളുമാണ് മൂന്നംഗ സംഘം പരിശോധിക്കുക. റംബാനിലേക്ക് തിരിച്ച അന്വേഷണ സംഘം നൽകുന്ന റിപ്പോർട്ട് കണക്കിലെടുത്താകും തുടർ നടപടികളെന്ന് കേന്ദ്രം വ്യക്തമാക്കി. ദേശീയപാത അതോറിറ്റിയും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികളും ഭാവിയിൽ ഇത്തരം അപകടങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നതും പരിശോധിക്കുമെന്ന് എൻഎച്ച്എഐ (NHAI) വ്യക്തമാക്കി.
ഇതിനിടെ റംബാനിൽ മരിച്ചവരുടെ എണ്ണം പത്തായി. 10 പേരുടെ മൃതദേഹം പുറത്തെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ ആശ്രിതർക്ക് 16 ലക്ഷം രൂപ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. നിർമാണ കമ്പനി നൽകുന്ന 2 ലക്ഷം രൂപ ഉൾപ്പെടെയാണിത്. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുടെ അടിയന്തര സഹായം ജമ്മു കശ്മീർ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരിൽ 5 പേർ ബംഗാളിൽ നിന്നുള്ളവരാണ്. അപകടത്തിൽപ്പെട്ട് കാണാതായ എല്ലാവരുടേയും മൃതദേഹം ലഭിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam