ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ രമേശ്‌ പിഷാരടി, പാലക്കാട് സ്ഥാനാർഥി ഉറപ്പിച്ചു? 'കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിഞ്ഞാൽ ഭാഗ്യം, എവിടെയും റെഡി'

Published : Mar 02, 2026, 07:01 PM IST
Ramesh Pisharody

Synopsis

രമേശ് പിഷാരടി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളോട് അനുകൂലമായി പ്രതികരിച്ച അദ്ദേഹം, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നടൻ രമേശ് പിഷാരടി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾക്കിടയിലാണ് പിഷാരടിയുടെ, ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശനം. പുതുപ്പള്ളി ഫെസ്റ്റ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പിഷാരടി. ഇതിനിടിയിലാണ് ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം എൽ എയായ ചാണ്ടി ഉമ്മനൊപ്പം കല്ലറയിലെത്തി വണങ്ങിയത്. പാലക്കാട് സ്ഥാനാർഥി പട്ടികയിൽ പേര് ഉയർന്നു കേൾക്കുന്നതിനോട് അനുകൂലമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അടുത്ത കാലത്തായി പല തിരഞ്ഞെടുപ്പുകളിലും തന്റെ പേര് ചർച്ചകളിൽ വരുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്നും, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമായി ആരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും കോൺഗ്രസ് നേതൃത്വം നൽകുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിഞ്ഞാൽ ഭാഗ്യം

കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും അത് ഏത് മണ്ഡലത്തിൽ ആയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പിഷാരടി പറഞ്ഞു. സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിലും സജീവമായ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ താൻ മുന്നിലുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ പുതുക്കിയ സന്ദർശനത്തിന് പിന്നാലെ അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സ്ഥാനാർത്ഥി മോഹം പരസ്യമായി പ്രകടിപ്പിച്ചതോടെ വരാനിരിക്കുന്ന സീറ്റ് വിഭജന ചർച്ചകളിൽ പിഷാരടിയുടെ പേരിന് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

പാലക്കാട് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് പകരമായാണ് രമേഷ് പിഷാരടിയെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. കെ മുരളീധരൻ വട്ടിയൂർക്കാവ് ഉറപ്പിച്ചതോടെ പിഷാരടിയുടെ പേരാണ് അന്തിമപരിഗണനയിലുള്ളത്. കണ്ണൻ ഗോപിനാഥന്‍റെ പേരും ചർച്ചയിൽ വന്നിരുന്നു. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥിക പട്ടിക എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി കൈമാറിയിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്ക് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി.

എൽഡിഎഫിൽ കുറ്റ്യാടി തർക്കം

നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെച്ചൊല്ലി സി പി എമ്മും കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള ചർച്ചകൾ എൽ ഡി എഫിൽ കല്ലുകടിയാകുന്നു. ഇക്കുറി 12 സീറ്റ് പോരെന്നും 13 സീറ്റുകൾ വേണമെന്ന നിലപാടിൽ ജോസ് കെ മാണി ഉറച്ചുനിൽക്കുന്നതാണ് എൽ ഡി എഫിലെ സീറ്റ് ചർച്ചകളെ പ്രതിസന്ധിയിലാക്കുന്നത്. കുറ്റ്യാടി സീറ്റിലാണ് ജോസ് കെ മാണി പ്രധാനമായും കണ്ണുവയ്ക്കുന്നത്. എന്നാൽ കുറ്റ്യാടി തങ്ങളുടെ സിറ്റിംഗ് സീറ്റാണെന്നും അത് വിട്ടുനൽകാനാവില്ലെന്നുമുള്ള നിലപാടിലാണ് സി പി എം. ഇക്കാര്യം ഇന്ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ ജോസ് കെ മാണിയെ സി പി എം അറിയിക്കുകയും ചെയ്തു. എന്നാൽ പതിമൂന്നാമത്തെ സീറ്റിന്റെ കാര്യത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. കുറ്റ്യാടി ലഭ്യമല്ലെങ്കിൽ പകരം മറ്റൊരു സീറ്റ് വേണമെന്ന ആവശ്യമാണ് ജോസ് കെ മാണി മുന്നോട്ട് വെക്കുന്നത്. ഇതോടെ ഇന്ന് നടന്ന ഉഭയകക്ഷി ചർച്ച ധാരണയാകാതെ പിരിഞ്ഞു. ഇരുപാർട്ടികളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ മുന്നണിക്കുള്ളിൽ സീറ്റ് വിഭജനം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. കഴിഞ്ഞ തവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് ഒരു പാർട്ടിക്കും നൽകാനാകില്ലെന്നതാണ് സി പി എം നിലപാട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രണയിച്ച ആളുമായി കല്യാണം ഉറപ്പിച്ചു, ജാതകം നോക്കിയ ജ്യോത്സ്യൻ പ്രതിശ്രുതവരന് അൽപ്പായുസ് പ്രവചിച്ചു; യുവതി ജീവനൊടുക്കി
മണിയറയിൽ കത്തിയുമായി കാത്തിരുന്ന് നവവധു, ചെറിയച്ഛനൊപ്പം ഒളിച്ചോടിയത് ഭർത്താവിന്റെ വീട് കൊള്ളയടിച്ച്