കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയടക്കം മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കും വരെ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കോൺഗ്രസ്. ദില്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം
ദില്ലി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രക്ഷോഭത്തിൽ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളെയെല്ലാം വിട്ടയച്ചിന് പിന്നാലെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപനം. പ്രതിപക്ഷം മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉടനടി രാജിവയ്ക്കുക, പ്രതിഷേധക്കാർക്കെതിരെയെടുത്ത കേസുകൾ പൂർണ്ണമായും പിൻവലിക്കുക, നീറ്റ് ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് പാർലമെന്റിൽ വിശദമായ ചർച്ച നടത്തുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ. ജനപ്രതിനിധികളോട് ദില്ലി പൊലീസ് കാണിച്ചത് നിഷ്ഠൂരമായ പെരുമാറ്റമാണെന്നും പാർലമെന്റിനകത്തും പുറത്തും സമരം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേതാക്കളെ വിട്ടയച്ചു
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള എല്ലാ എം പിമാരെയും 3 മണിക്കൂറിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്. ഛത്രസാൽ പൊലീസ് സ്റ്റേഷനിൽ നിന്നാണ് രാഹുൽ ഗാന്ധിയെയും കെ സി വേണുഗോപാലിനെയും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും വിട്ടയച്ചത്. പ്രിയങ്ക ഗാന്ധിയെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നുമാണ് പുറത്തുവിട്ടത്. നേതാക്കളെ കാണാൻ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. രാത്രി ഒമ്പതരയോടെയാണ് നേതാക്കളെയെല്ലാം പൊലീസ് വിട്ടയച്ചത്. നേതാക്കളെ കൊണ്ടുവന്നതിന് പിന്നാലെ ഛത്രസാലിലും മന്ദിർ മാർഗിലും വലിയ തോതിൽ പ്രവർത്തകർ ഒഴുകിയെത്തിയിരുന്നു. വീണ്ടും സംഘർഷ സാധ്യതയിലേക്ക് നീങ്ങിയതോടെയാണ് നേതാക്കളെയെല്ലാം പൊലീസ് വിട്ടയക്കാൻ തീരുമാനിച്ചത്.
വസ്ത്രം വലിച്ചുകീറിയെന്ന് പ്രിയങ്ക
പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ പ്രിയങ്ക ഗാന്ധി കേന്ദ്ര സർക്കാരിനും ദില്ലി പൊലീസിനുമെതിരെ ആഞ്ഞടിച്ചു. ബലപ്രയോഗത്തിനിടെ തന്റെ വസ്ത്രമടക്കം പൊലീസ് വലിച്ചുകീറിയെന്ന് പ്രിയങ്ക ആരോപിച്ചു. ശാന്തമായി പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും, കേന്ദ്ര സർക്കാരും പൊലീസും ചേർന്ന് വിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും ശബ്ദത്തെ ക്രൂരമായി അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. പാർലമെന്റിലും പുറത്തും നാളെ മുതൽ അതിശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

