
ദില്ലി: ഹോസ്റ്റല്‍ ഫീസ് വർദ്ധനവിന്‍റെ പേരില്‍ ജെഎന്‍യു വിദ്യാർത്ഥികൾ സമരം തുടരുന്നതില്‍ ന്യായമല്ലെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ. 'ഫീസ് വർദ്ധനവ് സംബന്ധിച്ച വിഷയം വിദ്യാർഥികളും അധ്യാപകരുമായി പല തവണ നടന്ന ചർച്ചയിലൂടെ പരിഹരിച്ചതാണ്'. ഇനിയും പ്രതിഷേധവും സമരവുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ജെഎൻയു കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്. ഒക്ടോബർ മൂന്നിന് പുതിയ ഐഎച്ച്എ മാനുവൽ ഡ്രാഫ്റ്റ് സർവകലാശാല പുറത്തുവിട്ടത് മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങി.
അതിനിടെ ഫീസ് വർധനവിനെ നിയമപരമായി നേരിടാൻ വിദ്യാർത്ഥി യൂണിയന്റെ നീക്കം ആരംഭിച്ചു. ഇതു സംബന്ധിച്ച് യൂണിയന്റെ നിയമസംഘവുമായി ചർച്ചകൾ നടന്നു. എന്നാൽ അന്തിമ തീരുമാനം യൂണിയൻ സ്വീകരിച്ചിട്ടില്ല. അതേസമയം ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ പൂർണ്ണമായി ബഹിഷ്ക്കരിക്കാൻ യൂണിയൻ തീരുമാനിച്ചു. വിദ്യാർത്ഥികളോട് ഇതു സംബന്ധിച്ച് നിലപാട് യൂണിയൻ അറിയിച്ചു. മുഖം മൂടി ആക്രമണത്തിൽ ദില്ലി പൊലീസ് ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam